എടപ്പാള്‍ തിയേറ്റര്‍ പീഡനം: എസ്‌ഐയെ അറസ്റ്റ് ചെയ്തു

പൊന്നാനി: എടപ്പാളിലെ തിയേറ്റര്‍ പീഡനവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്‌ഐ കെ ജി ബേബിയെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ നേരത്തേ കെ ജി ബേബിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികപീഡനം തടയുന്ന പോക്‌സോ വകുപ്പ് അനുസരിച്ച് ബേബിക്കെതിരേ നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞദിവസം തിയേറ്റര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് എടപ്പാള്‍ ശാരദ തിയേറ്റര്‍ ഉടമ സതീഷിനെ ചങ്ങരംകുളം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനവിവരം പോലിസിനെ അറിയിച്ചില്ലെന്ന കാരണം പറഞ്ഞാണ് പോക്‌സോ നിയമപ്രകാരം തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം പോലിസിന്റെ നടപടിക്കെതിരേ പ്രതിഷേധം വ്യാപകമായതിനു പിന്നാലെയാണ് സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐയെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് എസ്‌ഐക്കു മേലും ചുമത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന പോക്‌സോ നിയമത്തിലെ 21, 19, ഐപിസി 196 എ വകുപ്പുകളാണ് എസ്‌ഐ ബേബിക്കെതിരേ ചുമത്തിയിരുന്നത്.
ഏപ്രില്‍ 18നാണ് തിയേറ്ററിനകത്ത് പത്തുവയസ്സുകാരി പീഡനത്തിന് ഇരയായത്. 25ന് തിയേറ്റര്‍ ഉടമകള്‍ വിവരം ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ്‌ലൈനിനു കൈമാറി. 26നു തന്നെ കേസെടുക്കാനുള്ള ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്‌ലൈന്‍ പോലിസിനു കൈമാറിയെങ്കിലും സംഭവം വിവാദമായതിനുശേഷമാണ് പോലിസ് കേസെടുത്തത്. പീഡനത്തിനെതിരേ വീഡിയോ സഹിതം പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്ന പോലിസിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
Next Story

RELATED STORIES

Share it