malappuram local

എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് വിഭാഗീയത :വികസന സ്ഥിരസമിതി ചെയര്‍മാനില്ലാതെ സെമിനാര്‍



എടപ്പാള്‍: സിപിഎം എടപ്പാള്‍ ലോക്കല്‍ കമ്മിറ്റിയിലെ വിഭാഗീയത മറനീക്കി പുറത്ത്. ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയിലെ വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പങ്കെടുക്കാതെ വികസന സെമിനാര്‍ നടന്നു. ഇന്നലെ നടന്ന വികസന സമിതി സെമിനാറിലാണ് വികസന കാര്യ സ്ഥിരസമിതി അധ്യക്ഷന്‍ കെ കൃഷ്ണദാസ് പങ്കെടുക്കാതെ ഒഴിഞ്ഞുനിന്നത്. ഇതോടെ മാസങ്ങളായി എടപ്പാളിലെ പാര്‍ട്ടിക്കുള്ളില്‍ നിലനിന്ന വിഭാഗീയത പരസ്യമായി പുറത്തുവന്നു. വികസന സമിതി സെമിനാര്‍ നടത്തുന്നതിന്റെ മുന്നോടിയായി വര്‍ക്കിങ് ഗ്രൂപ്പ് കമ്മിറ്റി ചേരുകയോ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തുകയോ ചെയ്തില്ലെന്നു പാര്‍ട്ടിയിലെ ഒരുവിഭാഗം ആരോപിക്കുന്നു. വികസന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള സ്ഥിരസമിതി ചെയര്‍മാനെ പങ്കെടുപ്പിക്കുകയോ അറിയിക്കുകയോ ചെയ്യാതെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏതാനും ചിലര്‍ സ്വാര്‍ത്ഥ താല്‍പര്യത്തോടെ തയ്യാറാക്കുന്ന പദ്ധതികള്‍ വികസന സമിതി സെമിനാറില്‍ അവതരിപ്പിക്കുക മാത്രമാണ് വികസന സമിതി ചെയര്‍മാന് പാര്‍ട്ടി നിശ്ചയിച്ച ജോലി. പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍മാത്രം ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ വികസന സെമിനാറില്‍  അവതരിപ്പിക്കാന്‍ പ്രയാസമുള്ളതു കൊണ്ടാണ് വികസന സ്ഥിരസമിതിചെയര്‍മാന്‍ സെമിനാറില്‍ പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നത്. പാര്‍ട്ടി ഫ്രാക്്ഷനുകളും കൃത്യമായി വിളിച്ചു ചേര്‍ക്കുകയോ പദ്ധതികളെ സംബന്ധിച്ച വിവരങ്ങള്‍ വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കുകയോ ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. സിപിഎമ്മിന് തനിയെ ഭൂരിപക്ഷമുള്ള എടപ്പാള്‍ പഞ്ചായത്ത് ഭരണസമിതിയിലെ മുതിര്‍ന്ന ജനപ്രതിനിധിയാണ് കെ കൃഷ്ണദാസ്. 21 വര്‍ഷത്തോളം ഗ്രാമപ്പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ച കൃഷ്ണദാസിനെ ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റാക്കണണെന്ന് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിക്കളഞ്ഞ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അംഗത്തെയാണ് പാര്‍ട്ടി നേതൃത്വം പ്രസിഡന്റാക്കിയത്. ഇതില്‍ ശക്തമായ പ്രതിഷേധം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു.
Next Story

RELATED STORIES

Share it