malappuram local

എടപ്പാളില്‍ മയക്കുമരുന്ന് വേട്ട; മൂന്നുപേര്‍ അറസ്റ്റില്‍

എടപ്പാള്‍: ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ മൂന്നു പേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. മുതൂര്‍ മഞ്ഞക്കാട്ട് ശ്രീരാഗ് (21), പുള്ളുവന്‍പടിപ്രവീണ്‍ (20), മുക്കിലപ്പീടിക കുറ്റിക്കാട്ടില്‍ ശരത് (21) എന്നിവരാണ് പിടിയിലായത്. ഇവരുടെ അടുത്ത് നിന്നും കഞ്ചാവ്, എംഡിഎം എന്നിവയാണ് കണ്ടെടുത്തത്. പുള്ളുവന്‍പടിയിലെ ഒരു വീട്ടില്‍ നടന്ന റെയ്ഡിലാണ് കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, ഹാഷിഷ് എന്നിവ കണ്ടെടുത്തത.് സംഘത്തില്‍ ഇനിയും ഒട്ടേറെ പേര്‍ പിടിയിലാവാനുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
അതേസമയം  സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മൂന്നു പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത് രാത്രി 8.30 ഓടെ. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്ന് ഒരു വിഭാഗം നാട്ടുകാര്‍ രാത്രി എട്ടു മണിയോടെ കുറ്റിപ്പാല എക്‌സൈസ് ഓഫിസിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെയാണു കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായ മഞ്ഞക്കാട്ട് ശ്രീരാഗ് വട്ടംകുളം സിപിഎം ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ മകനാണ്. ഇയാള്‍ രണ്ടു മാസങ്ങള്‍ക്കു മുന്‍പ് മദ്യലഹരിയില്‍ ബൈക്കില്‍ പോകുമ്പോള്‍ ചങ്ങരംകുളം പോലിസ് കൈകാണിച്ച് വാഹനം പോലിസ് ജീപ്പിലിടിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ കേസില്‍ സിപിഎം നേതൃത്വം ഇടപെട്ട് കേസെടുക്കാതെ ഒഴിവാക്കുകയായിരുന്നെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
ഇതേ തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ നാട്ടുകാര്‍ എക്‌സൈസ് ഓഫിസിനു മുന്നില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയത്. ഇതേ തുടര്‍ന്നായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അളവുകളും തൂക്കങ്ങളും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണു പറയുന്നത്. അളവുകളും തൂക്കങ്ങളും രേഖപ്പെടുത്താത്തത് കേസ് ലഘൂകരിച്ച് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നുള്ള ആരോപണവുമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it