Flash News

എടത്തലയില്‍ യുവാവിന് മര്‍ദനമേറ്റ സംഭവം: പോലിസുകാരെ ഇന്ന് ചോദ്യംചെയ്‌തേക്കും

കൊച്ചി/ആലുവ: എടത്തലയി ല്‍ ബൈക്കില്‍ കാര്‍ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന് (39) മര്‍ദനമേറ്റ സംഭവത്തില്‍ കുറ്റക്കാരായ പോലിസുകാരെ ഇന്ന് ചോദ്യംചെയ്യാന്‍ സാധ്യത. സംഭവത്തെത്തുടര്‍ന്ന് എആര്‍ ക്യാംപിലേക്കു സ്ഥലംമാറ്റിയ പോലിസുകാരോട് ഇന്ന് അന്വേഷണസംഘത്തിനു മുമ്പി ല്‍ ഹാജരാവാന്‍ നിര്‍ദേശം ന ല്‍കിയിട്ടുണ്ട്.
ഉസ്മാനെ മര്‍ദിച്ച എടത്തല പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ പുഷ്പരാജ്, സീനിയര്‍ സിപിഒ ജലീല്‍, സിപിഒ അഫ്‌സല്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇതോടൊപ്പം ഉസ്മാനെയും സംഭവത്തിലെ പ്രധാന സാക്ഷിയായ സിദ്ധാര്‍ഥനെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പോക്‌സോ കേസിലെ പ്രതിയായ മുതിരക്കാട്ടുമുകള്‍ ചക്കിക്കല്ലുപറമ്പ് വീട്ടില്‍ സിദ്ധാര്‍ഥനെയും കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു വരുമ്പോഴാണ് ഉസ്മാനും പോലിസും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. സിദ്ധാര്‍ഥനും പോലിസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച കുറ്റത്തിന് ഉസ്മാനും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇരുവരെയും കോടതിയുടെ അനുമതിയോടെയേ ചോദ്യംചെയ്യാന്‍ സാധിക്കൂ. ഇതിനായി അനുമതി തേടി റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എസ് ഉദയഭാനു ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിക്കുകയാണെങ്കില്‍ ഇരുവരെയും ഇന്നുതന്നെ ചോദ്യംചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുഞ്ചാട്ടുകരയിലെ സ്ഥലം സന്ദര്‍ശിച്ച് ദൃക്‌സാക്ഷികളായവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, മര്‍ദനം സംബന്ധിച്ച് വ്യത്യസ്ത മൊഴികള്‍ ലഭിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. മുഴുവന്‍ സംഭവത്തിനും ദൃക്‌സാക്ഷിയായ പോക്‌സോ കേസ് പ്രതി സിദ്ധാര്‍ഥനെ ചോദ്യം ചെയ്താല്‍ സംഭവത്തിന്റെ യഥാര്‍ഥ രൂപം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
മര്‍ദനത്തില്‍ ഉസ്മാന് ഗുരുതരമായി പരിക്കേറ്റിട്ടും കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്നാരോപിച്ചു ബന്ധുക്ക ള്‍ പ്രതിഷേധത്തിലാണ്. രണ്ടു ദിവസത്തിനകം പോലിസുകാ ര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഉസ്മാന്റെ കുടുംബം എടത്തല പോലിസ് സ്‌റ്റേഷനു മുമ്പില്‍ നിരാഹാരമിരിക്കാനുള്ള ഒരുക്കത്തിലാണ്. ശസ്ത്രക്രിയയെത്തുടര്‍ന്ന് രാജഗിരി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഉസ്മാന്‍ പൂര്‍ണമായും സംസാരശേഷി കൈവരിക്കുന്നതേയുള്ളൂ. പോക്‌സോ കേസിലെ പ്രതിയേയുമായി എടത്തല സ്റ്റേഷനിലേക്കു വരുമ്പോള്‍ കുഞ്ചാട്ടുകരയില്‍ വച്ച് പോലിസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് ഇത് ചോദ്യംചെയ്ത ഉസ്മാന് മര്‍ദനം ഏല്‍ക്കുകയുമായിരുന്നു. മറ്റൊരു സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന എഎസ്‌ഐ ഇന്ദുചൂഢനും പോലിസ് സംഘത്തിലുണ്ടായിരുന്നതായി ആരോപണമുണ്ട്. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it