എടത്തലയിലെ പോലിസ് മര്‍ദനം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ പ്രതിഷേധവുമായി മര്‍ദനമേറ്റ ഉസ്മാന്റെ ബന്ധു

കൊച്ചി: ആലുവയില്‍ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി വീട്ടില്‍ ഉസ്മാനെ (39) കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ച സംഭവത്തിനെതിരേ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്തത് കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി അടക്കമുള്ളവരാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശത്തിനെതിരേ പ്രതിഷേധവുമായി ഉസ്മാന്റെ ബന്ധു ഇസ്മായീല്‍ രംഗത്ത്.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ മൂന്നാം പ്രതിയാണ് താന്‍. അത് സമ്മതിക്കുന്നു. തന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകനാണ് പോലിസ് മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉസ്മാന്‍. അദ്ദേഹത്തെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പോലിസിനെതിരേ നടത്തിയ പ്രതിഷേധത്തില്‍ താന്‍ പങ്കെടുത്തുവെന്നത് ശരിയാണ്. പക്ഷേ, താന്‍ പോലിസിനെ ആക്രമിക്കാനോ മറ്റൊന്നിനുമോ നിന്നിട്ടില്ല. താന്‍ ബസ് കത്തിച്ച കേസിലെ പ്രതിയാണെന്നും ബസ് കത്തിച്ചത് അബ്ദുന്നാസിര്‍ മഅ്ദനിക്കു വേണ്ടിയാണെന്നുമാണ് പറയുന്നത്. ആ മഅ്ദനിയെ കാണാന്‍ മുഖ്യമന്ത്രിക്ക് പോകാം. മഅ്ദനിയെ ജയിലില്‍ കാണാനും അദ്ദേഹവുമായി വേദി പങ്കിടാനും വോട്ട് വാങ്ങാനുമൊക്കെ മുഖ്യമന്ത്രിക്ക് സാധിക്കുമെങ്കില്‍ തനിക്ക് തന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകനെ മര്‍ദിച്ചതിനെതിരേയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലേയെന്നും ഇസ്മായീല്‍ ചോദിച്ചു. എടത്തല പോലിസ് സ്‌റ്റേഷനില്‍ തനിക്ക് നല്ല ബന്ധമുണ്ട്. ഈ പോലിസുകാര്‍ എല്ലാവരും തന്റെ കൈയില്‍ നിന്നു കൈക്കൂലി വാങ്ങുന്നവരാണ്. ആലുവ ഡിവൈഎസ്പി അടക്കം 10,000 രൂപ കഴിഞ്ഞ ആഴ്ച തന്റെ കൈയില്‍ നിന്നു വാങ്ങിയതാണ്. ഉസ്മാനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടപടിക്കു വിധേയനായിരിക്കുന്ന പോലിസുകാരന്‍ ജലീല്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയതാണ്. മൊത്തം 32,000 രൂപ കൈക്കൂലിയായി പോലിസ് വാങ്ങിയിട്ടുണ്ട്. എടത്തല പോലിസ് സ്‌റ്റേഷനില്‍ നാലു ഫാന്‍ താന്‍ വാങ്ങിനല്‍കിയതാണെന്നും ഇസ്മായീല്‍ പറഞ്ഞു.
തന്നെ തീവ്രവാദിയെന്ന് അധിക്ഷേപിക്കുന്നവര്‍ക്ക് തന്റെ കൈയില്‍ നിന്നു കൈക്കൂലി വാങ്ങുന്നതിനു കുഴപ്പമില്ല. ഇസ്മായീലാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്ന് പറഞ്ഞ് എടത്തല പോലിസാണ് റിപോര്‍ട്ട് നല്‍കിയത്. കോണ്‍ഗ്രസ്സും എസ്ഡിപിഐയും യുവമോര്‍ച്ചയുമാണ് അവിടെ പ്രതിഷേധം നടത്തിയതെന്നും താന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നത് ശരിയാണെന്നും അല്ലാതെ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഇസ്മായീല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it