kannur local

എടക്കാട് വീണ്ടും ലീഗ് ആക്രമണം; സ്ത്രീയുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്

എടക്കാട്: വോട്ടെടുപ്പിനിടെ എടക്കാട് വീണ്ടും മുസ്‌ലിം ലീഗ് ആക്രമണം. സ്ത്രീയുള്‍പ്പടെ രണ്ടുപേര്‍ക്ക് പരിക്ക്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ യാസിര്‍, മണപ്പുറത്തെ റോഷ്‌നി(35) എന്നിവരെ പരിക്കുകളോടെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 12ഓടെയാണ് സംഭവം.
മൗനത്തുല്‍ ഇസ്‌ലാം എല്‍പിഎ സ്‌കൂളില്‍ വോട്ടുചെയ്ത് മടങ്ങുന്നതിനിടെ ഒരുസംഘം ലീഗ് പ്രവര്‍ത്തകര്‍ യാസിറിനെ ആക്രമിക്കുകയായിരുന്നു. എ പി റഷീദ്, കെ എന്‍ പി താഹ, ഇസ്മായില്‍, ഇ കെ അശ്‌റഫ്, പി പി ജുനൈദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മാരകമായി പരിക്കേല്‍പ്പിച്ചത്. തലയ്ക്കും കൈക്കും ഗുരതര പരിക്കേറ്റിട്ടുണ്ട്. സംഘത്തിന്റെ കൈയില്‍ കത്തിയുള്‍പ്പടെയുള്ള ആയുധങ്ങളുണ്ടായിരുന്നു.
എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറിയും ലീഗുകാര്‍ പിന്നീട് അതിക്രമം നടത്തി. ഇതിനിടെയാണ് റോഷ്‌നിക്ക് പരിക്കേറ്റത്.
വീട്ടിലെ മേശയും മറ്റും തകര്‍ത്തിട്ടുണ്ട്. കൊട്ടിക്കലാശത്തിനിടെ എസ്ഡിപിഐ റാലി ലീഗ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിനും പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകന്റെ മാതാവ് എസ്ഡിപിഐ പ്രവര്‍ത്തകനെ ബൂത്ത്പരിസത്ത് വച്ച് മുഖത്തടിച്ചിരുന്നു. എന്നാല്‍, പിന്നീട് സ്ത്രീയെ ആക്രമിച്ചെന്നാരോപിച്ചാണ് വീട്ടിനു നേരെ ലീഗുകാര്‍ ആക്രമണം നടത്തിയത്.
എസ്ഡിപിഐ പ്രവര്‍ത്തകരെയും അനുഭാവികളെയും ബൂത്ത്പരിസരത്തുനിന്ന് പോലിസിനെ ഉപയോഗിച്ച് ആട്ടിയോടിക്കുകയും ചെയ്തു. പലരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചുമില്ല. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമുള്‍പ്പെടെ പ്രവര്‍ത്തകര്‍ക്കുനേരെ വധഭീഷണിയും മുഴക്കുന്നുണ്ട്. എടക്കാട് പോലിസ് ഏകപക്ഷീയമായാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it