എടക്കഴിയൂര്‍ കടല്‍ത്തീരത്ത് ബ്രൗണ്‍ നോഡി വിരുന്നെത്തി

കെ എം അക്ബര്‍
ചാവക്കാട്: എടക്കഴിയൂര്‍ കടല്‍ത്തീരത്ത് അപൂര്‍വ ഇനം പക്ഷി വിരുന്നെത്തി. ബ്രൗണ്‍ നോഡി (തവിടന്‍ നോഡി ആള) എന്നറിയപ്പെടുന്ന പക്ഷിയെയാണ് എടക്കഴിയൂര്‍ പഞ്ചവടി ന്യൂ ഫ്രന്റ്‌സ് നഗറില്‍ ഗ്രീന്‍ ഹാബിറ്റാറ്റ് ടര്‍ട്ടില്‍ റസ്‌ക്യൂ ചേംബറിനടുത്ത് കണ്ടെത്തിയത്. ജൈവവൈവിധ്യ നിരീക്ഷക സംഘാംഗങ്ങളായ സലീം ഐ ഫോക്കസ്, ഇജാസ്, മുഹമ്മദ് റഷീക്, അജീര്‍ എന്നിവര്‍ പക്ഷിയെ കാണുമ്പോള്‍ കാക്കകള്‍ കൊത്തി, പറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
കടലോരവാസിയാണെങ്കിലും തീരപ്രദേശങ്ങളില്‍ അപൂര്‍വമായേ തവിടന്‍ നോഡി ആളയെ കാണാറുള്ളൂ. ലക്ഷദ്വീപ് സമൂഹങ്ങളില്‍ ഇവ കൂട്ടമായി ചേക്കേറുന്നതായി ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ ജെ ജയിംസ് പറഞ്ഞു. തീരത്തുനിന്നു മാറി ഉള്‍ക്കടലിനോട് ചേര്‍ന്നുകിടക്കുന്ന ഭാഗങ്ങളിലാണ് ഇവയെ കണ്ടെത്താറ്. അതുകൊണ്ടുതന്നെ ഉള്‍ക്കടലിലേക്ക് നടത്താറുള്ള പക്ഷിനിരീക്ഷണ യാത്രകളിലാണ് മിക്കപ്പോഴും ഇവയെ കാണാനാവുക.
ശരീരം മുഴുവന്‍ തവിട്ടുനിറവും തലയില്‍ തൊപ്പി പോലുള്ള വെള്ളനിറവും കറുത്ത ബലമുള്ള കൊക്കുകളുമാണ് ഇതിന്റെ പ്രത്യേകതകള്‍. മഴ വരുന്നതോടെ കേരളതീരത്തു നിന്നു പറന്നുപോകാറുണ്ട്. കൂട്ടമായി പറക്കുന്ന ഇവ അപൂര്‍വമായാണ് ഒറ്റയ്ക്ക് കാണപ്പെടുക.
കൂടുകെട്ടാന്‍ കടലോരത്തെ ഉയര്‍ന്ന മരങ്ങള്‍ തിരഞ്ഞെടുക്കാറുള്ള ബ്രൗണ്‍ നോഡി കനത്ത മഴയിലും കാറ്റിലും പെട്ട് കൂട്ടംതെറ്റി എത്തിയതാവാമെന്ന് പക്ഷി നിരീക്ഷകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it