wayanad local

എടക്കല്‍ ഗുഹ ഉള്‍പ്പെടുന്ന ഭൂപ്രദേശം ബഫര്‍ സോണാക്കാന്‍ ശുപാര്‍ശ ചെയ്യും



സുല്‍ത്താന്‍ ബത്തേരി: എടക്കല്‍ ഗുഹ ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാത്ത ബഫര്‍ സോണായി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ഗുഹ സംരക്ഷിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മലയാള സര്‍വകലാശാലയുണ്ടാവുമെന്നും വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍. ശിക്ഷക്‌സദനില്‍ മലയാള സര്‍വകലാശാല സംഘടിപ്പിച്ച എടക്കല്‍ പൈതൃകത്തിന്റെ ബഹുസ്വരത ദേശീയസമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ പടിയായി ദേശീയ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ സമാഹരിച്ച് ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കും. ജില്ലയിലെ മുഴുവന്‍ ചരിത്ര-സാംസ്‌കാരിക സ്മാരകങ്ങളും ഉള്‍പ്പെടുത്തി സാംസ്‌കാരിക സര്‍വേ നടത്തും. ഒപ്പം ഭാഷാദേഭ സര്‍വേയും രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. എടക്കലിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനായി ദേശീയ പദ്ധതി രൂപീകരിക്കുന്നതോടൊപ്പം ആര്‍ക്കിയോളജിക്കല്‍ സര്‍വേ അടക്കമുള്ള സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. എടക്കലില്‍ ഏതു ജനവിഭാഗമാണ് ഉണ്ടായിരുന്നത്, ഏത് കാലത്താണ് ശിലാലിഖിതങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടത്, ആചാരവും കലാപരവുമായ പ്രത്യേകതകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ ശാസ്ത്രീയമായി പുതിയ പഠനത്തിലൂടെ തെളിയിക്കുമെന്നും ഇപ്പോള്‍ നിലനില്‍ക്കുന്ന അവ്യക്തതകള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭൂപ്രദേശം ശാസ്ത്രീയമായി അടയാളപ്പെടുത്തി അളന്നുതിട്ടപ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുമെന്നു വൈസ് ചാന്‍സലര്‍ പറഞ്ഞു. പ്രഫ. കെ എം ഭരതന്‍, ചരിത്രകാരന്‍ പ്രഫ. എം ആര്‍ രാഘവവാര്യര്‍, അസിസ്റ്റന്റ് പ്രഫസര്‍മാരായ എം ശ്രീജ, മഞ്ജുഷ വര്‍മ, മാര്‍ബസേലിയസ് ബിഎഡ് കോളജിലെ കെ യു നിധീഷ്, ഗവേഷണ വിദ്യാര്‍ഥിനി ഹരിത സംസാരിച്ചു.
Next Story

RELATED STORIES

Share it