malappuram local

എടക്കര മേഖലയില്‍ കാട്ടാനയുടെ ആക്രമണം തുടരുന്നു

എടക്കര: ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകളുടെ ആക്രമണത്തിന് അറുതിയായില്ല. മരുത, മുണ്ടപൊട്ടി, തണ്ണിക്കടവ്, പാതിരിപ്പാറ എന്നീ പ്രദേശങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങളാണ് കാട്ടാനഭീതിയില്‍ കഴിയുന്നത്. വെള്ളിയാഴ്ച  പുലര്‍ച്ചയോടെ ജനവാസകേന്ദത്തിലിറങ്ങിയ ഒറ്റയാന്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. ഒറ്റയാന്‍ മറിച്ചിട്ട മടത്തൊടി ലളിതയുടെ പറമ്പിലെ തെങ്ങുകള്‍ വീണ് അയല്‍വാസിയായ തെക്കേടത്ത് ചന്ദ്രന്റെ ഇരുനില വീടിന് കേടുപാടുകള്‍ സംഭവിച്ചു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഗ്രാമവാസികള്‍ക്ക് നേരെയും കൊമ്പന്‍ ചീറിയടുത്തു. നാട്ടുകാരുടെ ഏറെ നേരത്തെ ശ്രമകരമായ ദൗത്യത്തിനു ശേഷമാണ് ആന കാട്ടിലേക്ക് കയറിയത്. ഇതിനകം മണകല്ലായി അബ്ലുല്‍ ജബ്ബാര്‍, പി കെ ചന്ദ്രന്‍, പി കെ കുഞ്ഞുമോന്‍, മടത്തൊടി രാജേഷ്, തട്ടാരക്കുന്നത്ത് സുധീഷ്, പൂഴിക്കുന്നന്‍ പ്രഭാകരന്‍, കട്ടയില്‍ എബ്രഹാം, മുരിയന്‍ക്കണ്ടന്‍ ശ്രീധരന്‍ എന്നിവരുടെ തെങ്ങ്, കമുക്, വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചു.
2017 ഏപ്രില്‍ 9ന് പ്രദേശവാസിയായ എടത്തൊടിക ഹംസ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വനത്തിലെ ചോലയില്‍നിന്നു പൈപ്പിട്ട് നാട്ടുകാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനായി പോയ ഹംസയെ കാട്ടാന കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 13ന് മരുത കുട്ടിചോലയില്‍ കല്ലന്‍ തൊടിക സെയ്ദിനെ കാട്ടാന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. എന്നാല്‍ വന്യജീവി ആക്രമണത്തിനെതിരേ വനംവകുപ്പിന്റെ ഭാഗത്തുനിന്നു നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it