എടക്കരയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വ്യാപാരി മരിച്ചു

എടക്കര: ജനവാസ കേന്ദ്രത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കരുളായി പാത്തിപ്പാറ സ്വദേശിയും കരുളായിലെ ഉണക്കമീന്‍ വ്യാപാരിയുമായ പുത്തന്‍പുരക്കല്‍ മത്തായിയാണ് (45) മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മൂത്തേടം വട്ടപ്പാടം കോളനിക്ക് സമീപമാണു സംഭവം. വെള്ളിയാഴ്ച വ്യാപാരം കഴിഞ്ഞ് രാത്രി പന്ത്രണ്ടരയോടെ വട്ടപ്പാടത്തെ ത്തിയ മത്തായി തന്റെ ജീപ്പില്‍ കിടന്നുറങ്ങുന്നതിനിടെയാണ് ആക്രമ ണം. ഒന്നര കിലോമീറ്റര്‍ അകലെയുള്ള ജനവാസ കേന്ദ്രത്തിലേക്ക് ചക്ക തിന്നാനെത്തിയ ഒറ്റക്കൊമ്പനെ കണ്ട് നായ്ക്കള്‍ കുരച്ചതോടെ മത്തായി ഉണര്‍ന്നു. ജീപ്പിന്റെ പിറകുവശത്തെ സീറ്റില്‍ ആനയുടെ തുമ്പിക്കൈ കണ്ടതോടെ ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. ഇയാളുടെ വയറിലും മുതുകിലും മുഖത്തും ആനയുടെ കുത്തേറ്റിട്ടുണ്ട്. ആനയുടെ ചിന്നംവിളി കേട്ടുണര്‍ന്ന സമീപത്തെ കോളനിക്കാരാണ് വിവരം പോലിസിലും വനംവകുപ്പിലും അറിയിച്ചത്.
പുലര്‍ച്ചെ നാലോടെ തന്നെ സ്ഥല—ത്തെത്തിയ പൂക്കോട്ടുംപാടം പോലിസ് മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനായ മത്തായി ഒരു വര്‍ഷത്തോളമായി വട്ടപ്പാടത്താണ് താമസിക്കുന്നത്. പിതാവ്: തോമസ്. മാതാവ്: ശോശാമ്മ. സഹോദരങ്ങള്‍: സണ്ണി, ജോയി, കുഞ്ഞുമോന്‍, ലില്ലി, ലിസി, മിനി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ടോടെ പുല്ലഞ്ചേരി മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
സംഭവത്തെ തുടര്‍ന്ന് കാട്ടാനശല്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും വന്യമൃഗശല്യം ചെറുക്കാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ചും യുഡിഎഫ്, ബി ജെപി പ്രവര്‍ത്തകര്‍ മൂത്തേടം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Next Story

RELATED STORIES

Share it