malappuram local

എടക്കരയില്‍ ആദിവാസികളുടെ ജീവിതം ദുരിതപൂര്‍ണം

എടക്കര: ഉള്‍വനത്തിലെ ആദിവാസി ഊരുകളില്‍ കാട്ടാന ശല്യം രൂക്ഷമായി. വഴിക്കടവ് പുഞ്ചകൊല്ലി, അളക്കല്‍ ആദിവാസി കോളനികളിലാണ് രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍ വിലസുന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ കോളനിയിലെത്തിയ ഒറ്റയാന്‍ ചെല്ലനെന്നയാളുടെ വീട്ടുമുറ്റത്തെ നാല് കമുകുകള്‍ നശിപ്പിച്ചു. സമീപത്ത് താമസിക്കുന്ന കരിയന്റെ വീട്ടു വരാന്തയില്‍ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ മുഴുവനും നശിപ്പിച്ചു.
ആദ്യകാലങ്ങളില്‍ വീടുകള്‍ക്കുനേരെ കാട്ടാനകളുടെ ആക്രമണം വിരളമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നു ഉല്‍ഭവിക്കുന്ന പുന്നപ്പുഴ, കോരന്‍ പുഴ എന്നിവയാല്‍ ചുറ്റപ്പെട്ട കോളനിയിലേയ്്ക്ക് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ റബര്‍ എസ്‌റേററ്റ് വഴിയാണ് ആനകളെത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ നൂറുകണക്കിന് റബര്‍ മരങ്ങള്‍ ആനകള്‍ നശിപ്പിച്ചിട്ടുണ്ട്. കോളനി വൈദ്യുതീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ട്രാന്‍സ്‌ഫോമറിന്റെ പോസ്റ്റുകളും കഴിഞ്ഞ ആനകള്‍ തകര്‍ത്തിരുന്നു. പകല്‍ പോലും കാട്ടാനകളെത്തുന്നത് കോളനിക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. നിരവധിപേര്‍ പുഞ്ചക്കൊല്ലിയിലേയ്ക്കുള്ള വനപാതയില്‍ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
നെല്ലിക്കുത്ത് വനം സ്റ്റേഷന്റെ പരിധിയില്‍പ്പെട്ട പ്രദേശമായതിനാല്‍ വനം സ്റ്റേഷനിലും പോലിസിലും ആദിവാസികള്‍ സങ്കടം ബോധിപ്പിച്ചെങ്കിലും ഒരാള്‍ പോലും തിരിഞ്ഞുനോക്കിയില്ലെന്ന് കോളനിക്കാരനായ ചെല്ലന്‍ പരിഭവിക്കുന്നു. വന സംരക്ഷണ സമിതി കോളനിക്ക് ചുറ്റും മുമ്പ് നിര്‍മിച്ച സോളാര്‍ ഫെന്‍സിങ് നശിച്ചിട്ട് വര്‍ഷങ്ങളായി. കോളനിയില്‍ വൈദ്യുതീകരണം നടന്ന സ്ഥിതിക്ക് ഫെന്‍സിങ് സംവിധാനം പുനസ്ഥാപിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it