wayanad local

എച്ച്1 എന്‍1 പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്



കല്‍പ്പറ്റ: ശ്വാസകോശത്തെ ബാധിക്കുന്ന എച്ച്1 എന്‍1 രോഗത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എച്ച്1 എന്‍1 രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലും ഈ വര്‍ധനവ് കാണുന്നുണ്ട്. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെങ്കിലും ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട് തുടങ്ങിയവ സാധാരണ സമയംകൊണ്ട് കുറയുന്നില്ലെങ്കില്‍ ഉടന്‍ ചികില്‍സ തേടണം. ഗര്‍ഭിണികള്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം, കരള്‍-വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇത്തരം രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അസുഖം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവല്‍ ഉപയോഗിച്ച് മൂക്കും വായും മൂടുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയും ആവശ്യത്തിന് വിശ്രമിക്കുകയും വേണം. ചൂട് പാനീയങ്ങള്‍, പോഷകാഹാരങ്ങള്‍ എന്നിവ കഴിക്കണം. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ വിവേക് കുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. വി ജിതേഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ കെ പി സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയാ ഓഫിസര്‍മാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it