World

എച്ച് വണ്‍ ബി: നിയമ പരിഷ്‌കരണം നീട്ടി

വാഷിങ്ടണ്‍: എച്ച് വണ്‍ ബി താല്‍ക്കാലിക തൊഴില്‍ വിസയില്‍ ജോലിക്കെത്തുന്നവരുടെ ജീവിത പങ്കാളികള്‍ക്ക്് യുഎസില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമം പരിഷ്‌കരിക്കുന്നതിനുള്ള കരട് തയ്യാറാക്കുന്നതു ജൂണിലേക്ക് മാറ്റി. പരിഷ്‌കാരം മൂലമുണ്ടാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യാന്‍ ജൂണ്‍ വരെ സമയം വേണമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസം കോടതിയെ അറിയിക്കുകയായിരുന്നു.
എച്ച് വണ്‍ ബി വിസക്കാരുടെ ജീവിത പങ്കാളികള്‍ക്ക് എച്ച് ഫോര്‍ ആശ്രിത വിസയില്‍ ജോലി ചെയ്യാനാണ് അനുമതിയുള്ളത്. 2015ല്‍ ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോഴാണ് ഇതിന് അനുമതി ലഭിച്ചത്. ഈ തൊഴില്‍ അനുമതിപത്രം ലഭിച്ചാല്‍ മാത്രമെ സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗത്വം ലഭിക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനും കഴിയുകയുള്ളൂ. ഈ അനുമതിപത്രം നല്‍കുന്നത് അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കം ആരംഭിക്കുകയും പരിഷ്‌കരിച്ച വ്യവസ്ഥകളുടെ കരട് ഫെബ്രുവരി 28ന് പുറത്തിറക്കണമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എച്ച് വണ്‍ ബി വിസ നേടുന്നവരില്‍ ഏറിയ പങ്കും ഇന്ത്യക്കാരും ചൈനക്കാരുമാണ്. ഇവരുടെ ജീവിത പങ്കാളികള്‍ക്കു തൊഴിലനുമതി നല്‍കുന്ന നിയമത്തിനെതിരേ സേവ് ജോബ്‌സ് യുഎസ്എ പോലുള്ള സംഘടനകള്‍ പ്രതിഷേധത്തിലാണ്. ഇതുമൂലമാണു തങ്ങളുടെ തൊഴില്‍ നഷ്ടമായതെന്നു പ്രതിഷേധക്കാര്‍ വാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 2015ല്‍ കോടതിയെ സമീപിച്ചിരുന്നു. ഓണ്‍ലൈന്‍ അഭിപ്രായരൂപീകരണവും നടത്തിയിരുന്നു.
Next Story

RELATED STORIES

Share it