എച്ച് എല്‍ ദത്തു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായേക്കും

ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു നിയമിതനായേക്കും. കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനം കഴിഞ്ഞ ആറ് മാസമായി ഒഴിഞ്ഞുകിടക്കുകയാണ്. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ പദവിയില്‍നിന്നും ഈ ബുധനാഴ്ചയാണ് ജസ്റ്റിസ് ദത്തു വിരമിക്കുന്നത്. കമ്മീഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ഇക്കഴിഞ്ഞ മെയ് 11നാണ് സ്ഥാനമൊഴിഞ്ഞത്. ഏതാണ്ട് അഞ്ചു വര്‍ഷത്തോളം ചെയര്‍മാന്‍ സ്ഥാനത്തിരുന്നതിന് ശേഷമാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍ പദവിയൊഴിഞ്ഞത്. നിലവില്‍ ജസ്റ്റിസ് സിറിയക് ജോസഫാണ് ആക്ടിങ് ചെയര്‍പേഴ്‌സണ്‍.
ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും ദത്തു വിരമിച്ചതിനു ശേഷം കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ഔപചാരികമായി അനുമതി നല്‍കിക്കഴിഞ്ഞാല്‍ പിന്നെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിയമനം ഉണ്ടായേക്കുമെന്നാണ് റിപോര്‍ട്ട്.
വിരമിച്ച ചീഫ് ജസ്റ്റിസുമാരെ മാത്രമേ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. പ്രധാനമന്ത്രിയടക്കമുള്‍പ്പെട്ട ഉന്നത സമിതിയാണ് കമ്മീഷന്‍ ചെയര്‍മാനെയും അംഗങ്ങളെയും തിരഞ്ഞെടുത്ത് നിയമിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യുന്നത്.ജസ്റ്റിസുമാരായ എസ് എച്ച് കപാഡിയ, അല്‍തമസ് കബീര്‍, ആര്‍ എം ലോധ, കേരള ഗവര്‍ണര്‍ കൂടിയായ പി സതാശിവം എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാവാന്‍ യോഗ്യതയുള്ള മറ്റു ചീഫ് ജസ്റ്റിസുമാര്‍. ഇതില്‍ ആദ്യ മൂന്നു പേരും ചെയര്‍മാന്‍ പദവി സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്നു നേരത്തേ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it