Flash News

എച്ച്‌ഐവി രോഗവിവരം പരസ്യമാക്കി : നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍



തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനത്തിലെ എച്ച്‌ഐവി ബാധിതയായ ജീവനക്കാരിയുടെ രോഗവിവരം പരസ്യമാക്കിയ സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളികള്‍ക്കെതിരേ ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. രഹസ്യ ഫയലിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ആഭ്യന്തര-ആരോഗ്യ വകുപ്പുകള്‍ വിശദമായ അനേ്വഷണം നടത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും സ്ഥാപനത്തിന്റെ പ്രൊജക്റ്റ് ഡയറക്ടര്‍ക്കുമാണ് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരേ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ മൂന്നുമാസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കണം. സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. എച്ച്‌ഐവി അണുബാധയെ തുടര്‍ന്ന് മരിച്ച വ്യക്തിയുടെ ഭാര്യയാണ് പരാതിക്കാരി. 2008 മുതല്‍ ഇവര്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയാണ്. ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ മാര്‍ഗനിര്‍ദേശപ്രകാരം എച്ച്‌ഐവി അണുബാധിതരായ ജീവനക്കാരുടെ ഫയല്‍ അതീവ രഹസ്യമായി സൂക്ഷിക്കണം. ജീവനക്കാരിയെ സ്ഥാപനത്തില്‍ സ്ഥിരപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഇതോടെ ജീവനക്കാരിയെ സമൂഹവും ഓഫിസും ഒറ്റപ്പെടുത്തി. നേരത്തേ കമ്മീഷന്‍ സ്ഥാപനമേധാവിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. രേഖകള്‍ പുറത്തുപോയതിനു കാരണക്കാര്‍ സ്ഥാപനത്തിലെ അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റും ഡെപ്യൂട്ടി ഡയറക്ടറുമാണെന്ന് പ്രാഥമികമായി കണ്ടെത്തിയെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it