Flash News

എച്ച്‌ഐവി ബാധ; ആര്‍സിസിയില്‍ ചികില്‍സയിലായിരുന്ന ഒരു കുട്ടികൂടി മരിച്ചു

തിരുവനന്തപുരം: ആര്‍സിസിയില്‍ ചികില്‍സയിലിരിക്കെ എച്ച്‌ഐവി ബാധിച്ചതായി ആരോപണമുയര്‍ന്ന ഒരു കുട്ടികൂടി മരിച്ചു. ഇടുക്കി സ്വദേശിയായ 14കാരനാണ് മരിച്ചത്. കുട്ടി മരിച്ചത് എച്ച്‌ഐവി കാരണമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആര്‍സിസിയില്‍ നിന്നു രക്തം സ്വീകരിച്ചതിലൂടെയാണ് കുട്ടിക്ക് രോഗബാധയുണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ നിന്നു മാത്രമല്ല, മറ്റു ചിലയിടങ്ങളില്‍ നിന്നും കുട്ടി രക്തം സ്വീകരിച്ചിട്ടുള്ളതായാണ് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ആഗസ്തിലാണ് രക്താര്‍ബുദ ചികില്‍സയ്ക്കായി കുട്ടിയെ ആര്‍സിസിയില്‍ എത്തിച്ചത്. ചികില്‍സയുടെ ഭാഗമായി പലതവണ കുട്ടിക്ക് രക്തം നല്‍കി. ഇതിനിടെയാണ് എച്ച്‌ഐവിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി കുട്ടിയെ ചെന്നൈയിലേക്ക് അയച്ചു. പരിശോധനയില്‍ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയെങ്കിലും വിവരം അധികൃതര്‍ മാതാപിതാക്കളില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം. ആര്‍സിസിയില്‍ നിന്ന് മാത്രമല്ല രക്തം സ്വീകരിച്ചതെന്ന അധികൃതരുടെ നിലപാട് തെറ്റാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പെണ്‍കുട്ടി നേരത്തേ എച്ച്‌ഐവി ബാധിച്ച് മരിച്ചിരുന്നു. ഒമ്പതുകാരിയായ കുട്ടിക്ക് എച്ച്‌ഐവി ബാധയുള്ള രക്തം നല്‍കിയതായി സ്ഥിരീകരിച്ചിരുന്നു. വിന്‍ഡോ പിരീയഡില്‍ രക്തം നല്‍കിയതിനാലാണ് എച്ച്‌ഐവി തിരിച്ചറിയാതിരുന്നതെന്നായിരുന്നു വിശദീകരണം. വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ചികില്‍സ നല്‍കുന്ന സ്ഥാപനത്തില്‍ അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
Next Story

RELATED STORIES

Share it