palakkad local

എച്ച്‌ഐവി ബാധിതര്‍ക്കുള്ള സൗജന്യ മരുന്നുവിതരണം നിലയ്ക്കുന്നു

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എച്ച്‌ഐവി പോസീറ്റീവ് ബാധിതര്‍ക്ക് നല്‍കുന്ന സൗജന്യ പ്രതിരോധ മരുന്നുവിതരണം നിലയ്ക്കുന്നു.
രോഗബാധിതനാണെന്ന് കണ്ടെത്തിയാല്‍ ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജാശുപത്രികളിലും പ്രവര്‍ത്തിക്കുന്ന എആര്‍ടി സെന്ററുകള്‍ (അന്റി റിട്രോ വൈറല്‍ തൊറാപ്പി) മുഖേനയാണ് പ്രതിരോധ മരുന്നുകള്‍ രോഗികള്‍ക്ക് പ്രതിമാസം സൗജന്യമായി വിതരണം ചെയ്യുന്നത്. മരുന്നു വിതരണം നിലച്ചതോടെ സംസ്ഥാനത്തെ 26,000 ത്തോളം വരുന്ന എച്ച്‌ഐവി രോഗ ബാധിതര്‍ ദുരിതത്തിലായി.
രോഗം കണ്ടെത്തിയാല്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി നല്‍കുന്ന ഇത്തരം മരുന്നുകള്‍ തുടര്‍ച്ചയായി രോഗികള്‍ കഴിക്കണമെന്നതിനാല്‍ മരുന്നു മുടങ്ങിയാല്‍ രോഗാവസ്ഥ കൂടുകയും രോഗിയുടെ നില വഷളാകുകയും ചെയ്യും. എന്നാല്‍ മിക്ക ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് പൂര്‍ണമായും വിതരണം ചെയ്യാന്‍ മരുന്നില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
മൂന്നു മാസത്തോളമായി മരുന്നിന് ക്ഷാമം നേരിട്ടു തുടങ്ങിയിട്ട്. തുടക്കത്തില്‍ ഒരു മാസത്തെ മരുന്നിനു പകരം 15 ദിവസത്തേക്ക് നല്‍കിയിരുന്നത് ഇപ്പോള്‍ മൂന്നു ദിവസം മുതല്‍ അഞ്ചുദിവസത്തേക്കാണ് നല്‍കുന്നത്. മരുന്നുകഴിഞ്ഞാല്‍ മോശമായ രോഗാവസ്ഥയില്‍ വീണ്ടും കിലോമീറ്ററുകള്‍ യാത്രചെയ്ത് മരുന്നുവാങ്ങാന്‍ പോകേണ്ടി വരുന്നതും രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. രോഗബാധിതര്‍ കൂടുതലുള്ള തിരുവനന്തപുരം(3300), തൃശ്ശൂര്‍(2500), കോഴിക്കോട്(2300), പാലക്കാട് (3800) ജില്ലകളിലാണ് കൂടുതല്‍ ദുരിത്തിലാകുന്നത്.
ഏറ്റവും കൂടുതല്‍ രോഗികളുള്ള പാലക്കാട് ജില്ലയിലെ രോഗികള്‍ കൂടുതലും ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയെയാണ്. ജില്ലാ ആശുപത്രിയില്‍ ഇത്രയും പേര്‍ക്ക് മരുന്നു ലഭ്യമല്ലാത്തതിനാല്‍ മിക്കവരും തൃശൂര്‍ മെഡിക്കല്‍കോളജാശുപത്രിയെയും പൊള്ളാച്ചി, കോയമ്പത്തൂര്‍ എആര്‍ടി സെന്ററുകളേയുമാണ് ആശ്രയിക്കുകയാണ്. കൃത്യമായി കഴിക്കേണ്ട മരുന്നുകളായതിനാല്‍ പലരും വളരെ ബുദ്ധിമുട്ടിയാണ് മരുന്നുകള്‍ സംഘടിപ്പിക്കുന്നത്.
പ്രതിരോധമരുന്നിന് വിപണിയില്‍ വലിയ വിലയാണുള്ളത്. രോഗാവസ്ഥയനുസരിച്ച് മൂന്നു നേരം കഴിക്കേണ്ട മരുന്നിന് പ്രതിമാസം 12,000 മുതല്‍ 18,000 രൂപയോളം ചിലവ് വരും ഇത് പൂര്‍ണ്ണമായും സൗജന്യമാണ് എആര്‍ടി സെന്ററുകള്‍ മുഖേന വിതരണം ചെയ്യുന്നത്. ഒരു വര്‍ഷത്തോളമായി മരുന്നുവിതരണം ഭാഗികമായി മുടങ്ങിയിരിക്കുകയാണ്. എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയ്ക്ക് ലഭിക്കുന്ന ഫണ്ടിന്റെ കുറവാണ് രോഗികള്‍ക്ക് മരുന്നുകള്‍ വാങ്ങിനല്‍കാന്‍ കാലതാമസമുണ്ടാകുന്നതൊന്നാണ് അധികൃതര്‍ പറയുന്നത്.
രോഗികള്‍ക്കുള്ള എആര്‍ടി പെന്‍ഷനും ഒരുവര്‍ഷത്തെ കുടിശികയായിട്ടുണ്ട്. പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് കഴിഞ്ഞ ബഡ്ജറ്റില്‍ 1000 രൂപയായി വര്‍ദ്ധിപ്പിച്ചുവെങ്കിലും അതും ഇതുവരെ രോഗബാധിതര്‍ക്ക് കിട്ടിയിട്ടില്ല. പെന്‍ഷന്‍ ഇല്ലാതായതോടെ പുറത്തുനിന്ന് മരുന്നുവാങ്ങി കഴിക്കാനും പറ്റാത്ത സ്ഥിതിയിലാണ് മിക്കവരും.
ഇനി എന്തുചെയ്യുമെന്നറിയാത്ത സ്ഥിതിയിലാണ്. എന്നാല്‍ സ്വകാര്യ മരുന്നുകമ്പനികളെ സഹായിക്കാനാണ് എ ആര്‍ടി സെന്ററുകളിലൂടെയുള്ള സൗജന്യ മരുന്നുവിതരണത്തില്‍ കുറവു വരുത്തിയെതന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it