ernakulam local

എച്ച്എംടി സ്തംഭനത്തിലാവുമെന്ന് സേവ് എച്ച്എംടി ഫോറം



കളമശ്ശേരി: പൊതുമേഖലാ സ്ഥാപനമായ എച്ച്എംടി കമ്പനി സ്തംഭനത്തിലാവുമെന്ന് സേവ് എച്ച്എംടി ഫോറം. 3500 ലധികം ജീവനക്കാര്‍ മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഇപ്പോള്‍ 220 സ്ഥിരം ജീവനക്കാര്‍ മാത്രം ഒറ്റ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതെന്ന് ഫോറം ഭാരവാഹികള്‍ പറഞ്ഞു. 1994-2007 കാലഘട്ടത്തില്‍ 1800 ലധികം ജിവനക്കാരെ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കിയത് കമ്പനിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. 2020 ആവുമ്പോഴേക്കും എച്ച്എംടി ജീവനക്കാരുടെ എണ്ണം 100ല്‍ താഴെ മാത്രമാവും. എച്ച്എംടി ഭൂമിയുടെ അനധികൃത കൈയേറ്റം തടയുന്നതിനും ഭൂമി സംരക്ഷിക്കുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. പുതിയ നിയമനങ്ങള്‍ ലഭിക്കുന്നവര്‍ നിലനില്‍ക്കണമെങ്കില്‍ 2007 ലെ ശമ്പള സ്‌കെയില്‍ നടപ്പാക്കണം. ഇപ്പോള്‍ 1997 ശമ്പള സ്‌കെയില്‍ പ്രകാരമുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. അതിനാല്‍ 2009-2010 ല്‍ നിയമനം ലഭിച്ച 90 ജീവനക്കാരില്‍ 30ലധികം പേര്‍ ശമ്പളക്കുറവ് കാരണം പുതിയ അവസരങ്ങള്‍ തേടിപ്പോയി. കമ്പനിയില്‍ വര്‍ഷങ്ങളായി കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന 250 തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം നടത്തിയിട്ടില്ലന്ന് സേവ് എച്ച്എംടി കുറ്റപ്പെടുത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും കമ്പനിയുടെ സംരക്ഷണത്തിനുമായി ഈമാസം 12ന് വൈകീട്ട് 4.30ന് കളമശ്ശേരി പിഡബ്ലൂഡി ഗസ്റ്റ് ഹൗസില്‍ ജില്ലയിലെ ട്രേഡ് യുനിയന്‍, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ കണ്‍വന്‍ഷന്‍ നടത്തുമെന്ന് സേവ് എച്ച്എംടി ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ കെ ചന്ദ്രന്‍പിള്ള, ഷെരീഫ് മരക്കാര്‍, പി രാജു, ഷറഫുദ്ദിന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it