Flash News

എങ്ങനെയാണ് സൈനികനെ അടിച്ചതെന്ന് ജഡ്ജി; വിലങ്ങഴിച്ചാല്‍ കാണിച്ചു തരാമെന്ന് ഫലസ്തീന്‍ പെണ്‍കുട്ടി

എങ്ങനെയാണ് സൈനികനെ അടിച്ചതെന്ന് ജഡ്ജി; വിലങ്ങഴിച്ചാല്‍ കാണിച്ചു തരാമെന്ന് ഫലസ്തീന്‍ പെണ്‍കുട്ടി
X
ഇസ്രയേല്‍: കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ വൈറലായിരുന്ന സംഭവമായിരുന്നു ഇസ്രയേലി സൈനികരെ കയ്യേറ്റം ചെയ്യുന്ന 16 കാരിയായ  ഫലസ്തീന്‍ പെണ്‍കുട്ടിയുടെ വീഡിയോ. അഹെദ് തമിമി എന്ന ഈ പെണ്‍കുട്ടിയെ സംഭവസ്ഥലത്തുവച്ചുതന്നെ പോലിസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി.

ഇസ്രയേലി സൈനികരേ കയ്യേറ്റം ചെയ്തത് മാത്രമല്ല, കല്ലെറിയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് തമിമിയെ കോടതിയില്‍ ഹാജരാക്കിയത്. വിചാരണക്കിടെ ജഡ്ജി തമിമിയോട് ചോദിച്ചു: എങ്ങനെയാണ് നീ ഞങ്ങളുടെ സൈനികരെ അടിച്ചത് ? ഇതിന് തമിമി മറുപടി നല്‍കിയത് ഇങ്ങനെ: എന്റെ വിലങ്ങ് അഴിക്ക്, ഞാന്‍ എങ്ങനെയാണെന്ന് കാണിച്ചു തരാം.


കുറ്റക്കാരിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ ദീര്‍ഘകാലം ജയില്‍ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടായിട്ടും ജഡ്ജിയുടെ ചോദ്യത്തിന് തമിമി നല്‍കിയ മറുപടി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുകയാണ്. തമിമിയുടെ മാതാവിനും സഹോദരിക്കുമെതിരേയും ഇസ്രയേല്‍ കുറ്റം ചാര്‍ത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള അഞ്ച് കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഏതായാലും വിചാരണ വേളയുടെ ആദ്യഘട്ടത്തിന് ശേഷം ജനുവരി എട്ട് വരെ ഇവരെ കസ്റ്റഡിയില്‍ വക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

തമിമിയുടെ വീടിന് ഏതാനും വാരകള്‍ മാത്രം അകലെ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇവരെ ഇസ്രയേലി സേന അറസ്റ്റ് ചെയ്തത്. ഈ പരിസരം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടാണ് തമിമിയും സഹോദരിയും ഇസ്രയേലി സൈനികരുടെ അടുത്തെത്തിയത്. അവര്‍ പരിഹസിക്കുന്നതു പോലെ പ്രതികരിക്കാതിരുന്നതോടെ ഇവര്‍ പ്രകോപിതരാകുകയായിരുന്നു. ഏതായാലും വീഡിയോ വന്‍തോതില്‍ പ്രചരിക്കപ്പെട്ടതോടെ തമിമി ഫലസ്തീന്‍ പ്രതിരോധത്തിന്റെ അടയാളമായി മാറി. കുറഞ്ഞദിവസങ്ങള്‍ക്കുള്ളില്‍ നവമാധ്യമങ്ങളില്‍ തമിമി വൈറലായി.
Next Story

RELATED STORIES

Share it