palakkad local

എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കൊല്ലങ്കോട്ട് സ്റ്റോപ്പ് ; ആവശ്യം ശക്തമാവുന്നു



പാലക്കാട്: പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിന്റെ ഗുണം റെയില്‍വെക്കും ജനങ്ങള്‍ക്കും ലഭിക്കണമെങ്കില്‍ കൊല്ലങ്കോട്ട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. പാലക്കാട്-പൊള്ളാച്ചി പാതയില്‍ നിലവില്‍ പുതുനഗരം, വടകനികപുരം, കൊല്ലങ്കോട് ജങ്ഷന്‍, മുതലമട റെയില്‍വേ സ്റ്റേഷനുകളുണ്ടെങ്കിലും ഇവിടങ്ങളിലൊന്നും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. കേരളപ്പിറവി ദിനം മുതല്‍ പാതവഴി രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിച്ചെങ്കിലും കൊല്ലങ്കോട് സ്‌റ്റോപ്പില്ലാത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജനപ്രതിഷേധം കണക്കിലെടുത്തും നിരവധി സംഘടനകളുടെ ആവശ്യം പരിഗണിച്ചും കൊല്ലങ്കോട്ട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് നേരത്തെ എംബി രാജേഷ് എംപി റെയില്‍വെയോട് അഭ്യര്‍ഥിച്ചിരുന്നു. ഇപ്പോള്‍ ആലത്തൂര്‍ എംപി പി കെ ബിജുവും രംഗത്തെത്തിയിരിക്കുകയാണ്. അമൃത എക്‌സ്പ്രസ്സിന് കൊല്ലങ്കോട് ജങ്ഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ ബിജു എംപി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് കത്തുനല്‍കിയിട്ടുണ്ട്.പാലക്കാട്-പൊള്ളാച്ചി റൂട്ടിലെ ഏറ്റവും പ്രധാന സ്റ്റേഷനാണ് കൊല്ലങ്കോട്. പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്ക് 53കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരത്തിനിടക്ക്  പാലക്കാട് ടൗണ്‍ സ്റ്റേഷന്‍ വിട്ടാല്‍ പൊള്ളാച്ചിയില്‍ മാത്രമാണ് സ്റ്റോപ്പുളളത്. പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് ഭാവിയില്‍ വരുമാനക്കുറവിനിടായക്കും. അന്ന് അതും പറഞ്ഞായിരിക്കും സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ശ്രമിക്കു. കൊല്ലങ്കോട് ജങ്ഷനില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ രണ്ടു സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ക്കും, ചെറുകിട കച്ചവടക്കാര്‍ക്കും, തീര്‍ത്ഥാടകര്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും ഏറെ ഗുണപ്രദമാകും. ഗേജ് മാറ്റത്തിനായി 2008 ല്‍ അടച്ചിട്ട റൂട്ടില്‍ 2016 ലാണ് വീണ്ടും സര്‍വ്വീസ് ആരംഭിച്ചത്. എന്നാല്‍, സര്‍വീസ് ആരംഭിച്ച പാസഞ്ചര്‍ ട്രെയിനുകള്‍ ഉടന്‍ നിര്‍ത്തലാക്കുകയും ചെയ്തു. 1932 ഏപ്രില്‍ ഒന്നിന് കമ്മീഷന്‍ ചെയ്തതു മുതല്‍ ഗേജ് മാറ്റത്തിനായി അടച്ചിട്ട 2008 ഡിസംബര്‍ പത്തുവരെ സാധാരണ യാത്രക്കാരും, തീര്‍ത്ഥാടനത്തിനും, കച്ചവടത്തിനുമായി സൗകര്യമൊരുക്കിയ റെയില്‍വേ അധികൃതര്‍ പാലക്കാട്-പൊള്ളാച്ചി റൂട്ട് പൂര്‍ണമായി ഉപയോഗപ്പെടുത്തിയിരുന്നു. ഗേജ് മാറ്റം, പുതിയ സ്റ്റേഷനുകളുടെ നിര്‍മാണം, ലെവല്‍ ക്രോസിംഗ്, സിഗ്നല്‍ സമ്പ്രദായം, ടെലി കമ്മ്യൂണിക്കേഷന്‍, പ്ലാറ്റ്‌ഫോമുകള്‍, ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, അടിപ്പാത, യാത്രക്കാര്‍ക്കായുള്ള  ഇതര സൗകര്യങ്ങള്‍ എന്നിവക്കായി ദക്ഷിണ റെയില്‍വേ 350 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇത്രയും ഭീമമായ തുക ചെലവഴിച്ചിട്ടും പാതയിലെ പ്രധാന സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് ദുരൂഹമായിരിക്കുകയാണ്. അതേ സമയം, ജനപ്രതിനിധികള്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തയക്കുകയും നിവേദനം നല്‍കുകയും ചെയ്താല്‍ മാത്രം പോരെന്നും പ്രത്യക്ഷ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it