Alappuzha local

എക്‌സൈസ് സംഘം പരിശോധന നടത്തി മടങ്ങിയ വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടി

മണ്ണഞ്ചേരി: ദിവസങ്ങള്‍ക്ക് മുമ്പ് എക്‌സൈസ് സംഘം പരിശോധന നടത്തി മടങ്ങിയ വീട്ടില്‍ നിന്നും മണ്ണഞ്ചേരി പോലിസ് കഞ്ചാവ് പിടികൂടി. പഞ്ചായത്തില്‍ 13ാം വാര്‍ഡില്‍ കുന്നേപാടം പ്രതാപന്റെ വീട്ടില്‍ നിന്നാണ് അഞ്ചുപൊതികളില്‍ സൂക്ഷിച്ചിരുന്ന അരകിലോയിലധികം വരുന്ന കഞ്ചാവ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ വലിയകലവൂര്‍ കെ.എസ്.ഡി.പി. ജംങ്ഷന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ നിന്ന മധ്യവയസ്‌കനായ ആളെ പിടികൂടി പരിശോധിച്ചപ്പോള്‍ ഇയാളില്‍ നിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതാപന്റെ വീട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി ചേര്‍ത്തലയില്‍ വില്‍പ്പന നടത്തുന്നയാളാണെന്ന് മനസ്സിലായത്.

തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് പ്രതാപന്റെ വീട്ടില്‍ നിന്നും കഞ്ചാവടങ്ങിയ പൊതികള്‍ കണ്ടെത്തിയത്.ചേര്‍ത്തല നഗരസഭയില്‍ 31 ാംവാര്‍ഡില്‍ വടക്കേമുറിയില്‍ വാഴവെളിയില്‍ വീട്ടില്‍ ഹാഷിം (49), പ്രതാപന്‍ (52), പ്രതാപന്റെ മകന്‍ രണവല്‍ പ്രതാപന്‍ (21) എന്നിവരാണ് പോലിസ് പിടിയിലായത്.

രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാതിരപ്പള്ളി ഉദയാ സ്റ്റുഡിയോയ്ക്ക് സമീപം പലചരക്ക് വ്യാപാരം നടത്തുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ വെളിയില്‍ സുധീറിന്റെ കടയില്‍ നിന്നും 300 പായ്ക്കറ്റ് നിരോധിത പുകയിലയുല്‍പ്പന്നങ്ങളും പിടികൂടി. ഇന്നലെ രാവിലെ പത്തോടെ മണ്ണഞ്ചേരി എസ്.ഐ. വി എം ശ്രീകുമാര്‍, ഉല്ലാസ് ചേര്‍ത്തല നര്‍ക്കോട്ടിക് സെല്‍ സ്‌ക്വാഡ് അംഗങ്ങളായ അരുണ്‍, ബൈജു, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Next Story

RELATED STORIES

Share it