kozhikode local

എക്‌സൈസ് റെയ്ഡ്: 600 ലിറ്റര്‍ സ്പിരിറ്റും വ്യാജമദ്യവും നിര്‍മാണ സാമഗ്രികളും പിടികൂടി

കുന്ദമംഗലം: വ്യാജമദ്യ നിര്‍മാണശാലയില്‍ എക്‌സൈസ് സംഘത്തിന്റെ മിന്നല്‍ പരിശോധനയില്‍ 610 ലിറ്റര്‍ സ്പിരിറ്റും 40 കുപ്പി വ്യാജ വിദേശമദ്യവും നിര്‍മാണ സാമഗ്രികളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം ബാലുശ്ശേരിയില്‍ നിന്നു 60 കുപ്പി വ്യാജ മദ്യം പിടികൂടിയതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് വ്യാജമദ്യ നിര്‍മാണ ശാലയിലേക്ക് എക്‌സൈസ് സംഘത്തെ എത്തിച്ചത്.
കുന്ദമംഗലം പെരിങ്ങളം മില്‍മയുടെ സമീപത്തെ വീട്ടിലാണ് വ്യാജമദ്യ നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. നിര്‍മാണ ശാലയുടെ നടത്തിപ്പുകാരനായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ജിനോ സെബാസ്റ്റിയനെ (38) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. സ്പിരിറ്റ്, വില്‍പനക്കായി ഒരുക്കിവെച്ച വ്യാജ മദ്യം എന്നിവക്കു പുറമെ, ബോട്ടലിംഗ് പ്ലാന്റും, വിദേശമദ്യങ്ങളുടെ വ്യാജ സ്റ്റിക്കറുകളും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബാലുശ്ശേരിയില്‍ ചില്ലറവില്‍പന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായ ആളില്‍ നിന്നാണ് ഇവിടെ ഇത്തരത്തില്‍ വ്യാജമദ്യ നിര്‍മാണം നടക്കുന്നതായി വിവരം ലഭിച്ചത്. കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് ജില്ലയില്‍ ഓണം സ്‌പെഷ്യല്‍ റെയ്ഡ് നടക്കുന്നുണ്ട്. ക്യാംപയിന്‍ എഗൈന്‍സ്റ്റ് ഡ്രഗ് ആന്റ് ലിക്വര്‍ എന്ന ഈ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പിടികൂടുന്ന വ്യാജമദ്യ വില്‍പനക്കാര്‍ക്ക് മദ്യം ലഭിക്കുന്ന കേന്ദ്രങ്ങളെ കുറിച്ചും അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിന്റെ ഭാഗമായി ഇന്നലെ ബാലുശ്ശേരിയില്‍ 60 കുപ്പി മദ്യവുമായി പിടികൂടിയ ആളില്‍ നിന്ന് ലഭിച്ച മദ്യത്തിന്റെ ലേബലുകള്‍ പരിശോധിച്ചപ്പോള്‍ അത് വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പെരിങ്ങൊളത്ത് ഇത്തരത്തിലൊരു നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചത്. ഇവിടെ നിന്ന് ബാലുശ്ശേരിക്ക് പുറമെ മറ്റ് ഏതെല്ലാം കേന്ദ്രങ്ങളിലേക്കാണ് മദ്യം കടത്തിയതെന്ന് അന്വേഷിച്ചുവരുന്നുണ്ട്.
ഇവിടെ ഇത്തരത്തിലൊരു വ്യാജമദ്യ നിര്‍മാണം നടക്കുന്നതായി ആര്‍ക്കും അറിവില്ലായിരുന്നു. ജിനോ സെബാസ്റ്റ്യന്റെ ജീപ്പിലാണ് നിര്‍മാണത്തിനുള്ള സ്പിരിറ്റു മറ്റ് സാമഗ്രികളും കൊണ്ട്‌വരുന്നതും നിര്‍മിച്ചവ പുറത്തേക്ക് കൊണ്ട് പോയിരുന്നതും.
ഒരു ലിറ്റര്‍ സ്പിരിറ്റ് ഉപയോഗിച്ച് മൂന്ന് കുപ്പി മദ്യമാണ് നിര്‍മിച്ചിരുന്നത്. ജോയിന്റെ എക്—സൈസ് കമ്മീഷണര്‍ ടി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

Next Story

RELATED STORIES

Share it