എക്‌സൈസ് മന്ത്രി രാജിവയ്ക്കുംവരെ പ്രക്ഷോഭം: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ബ്രൂവറിക്കും ഡിസ്റ്റിലറിക്കും സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കിയത് സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗത്യന്തരമില്ലാതായപ്പോഴാണ് സര്‍ക്കാര്‍ നടപടിയുണ്ടായത്.
എക്സൈസ് മന്ത്രി രാജിവയ്ക്കുംവരെ യുഡിഎഫ് പ്രക്ഷോഭം തുടരും. കട്ടെടുത്ത മുതല്‍ തിരിച്ചുകൊടുത്താല്‍ അത് കളവല്ലാതെയാവില്ല. ഇടപാടില്‍ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടന്നത്. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചില്ലായിരുന്നെങ്കില്‍ മൈക്രോ ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമായിരുന്നു. ഇതിനു വേണ്ടി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിനെ ബംഗളൂരുവില്‍ അയച്ച് റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇത് എക്സൈസ് മന്ത്രിയുടെ ഓഫിസില്‍ അനുമതി കാത്തുകിടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
എഴുമാസത്തോളം എക്‌സൈസ് വകുപ്പിന്റെ ഓഫിസില്‍ ബന്ധപ്പെട്ട ഫയല്‍ ഉറങ്ങിയത് ഡീല്‍ ഉറപ്പിക്കാനാണ്. ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. യാതൊരു വിവരവും വെളിപ്പെടുത്താതെയാണ് കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി കൊടുത്ത ശ്രീചക്രയുടെ ഉടമ ആരാണെന്നും ചെന്നിത്തല ചോദിച്ചു. ഇനിയും പുറത്തുവരാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് മുഖ്യമന്ത്രി ഉത്തരവ് റദ്ദാക്കിയതെന്നും ചെന്നിത്തല പറഞ്ഞു. സ്വന്തക്കാരില്‍ നിന്ന് വെള്ള പേപ്പറില്‍ അപേക്ഷ എഴുതിവാങ്ങി ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 1999ലെ ഉത്തരവ് നിലനില്‍ക്കെ അത് മാറ്റം വരുത്താതെ ലൈസന്‍സ് നല്‍കാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it