Flash News

എക്‌സൈസ് കേസുകളില്‍ നാലിരട്ടി വര്‍ധന: ഋഷിരാജ് സിങ്



കാസര്‍കോട്: സംസ്ഥാനത്ത് എക്‌സൈസ് കേസുകളില്‍ നാലിരട്ടി വര്‍ധനയുണ്ടായതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്കാരി കേസുകളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. 10 മാസത്തിനകം 300 ടണ്‍ പാന്‍മസാലയാണു പിടികൂടിയത്. സിന്തറ്റിക് ഗുളികകള്‍ മൂന്ന് ലക്ഷം കിലോയാണു പിടിച്ചത്. ഇതിന്റെ പിഴ തന്നെ 11.5 കോടി രൂപ വരും. 12,000 ലിറ്റര്‍ മദ്യവും 21,000 ലിറ്റര്‍ അരിഷ്ടവും 1.82 ലക്ഷം ലിറ്റര്‍ വാഷും പിടികൂടിയിട്ടുണ്ട്. 1,583 വാഹനങ്ങള്‍ സംശയാസ്പദമായി പരിശോധിച്ചു. 4,332 പേരെ ജയിലിലടച്ചു. വനങ്ങളില്‍ നിന്നല്ല വീടുകളില്‍ നിന്നാണു ലഹരിവസ്തുക്കളുടെ കൂടിയ നിര്‍മാണമെന്നു വ്യക്തമാവുന്നു. ഇത് അതിശയിപ്പിക്കുന്നതാണ്. ഭക്ഷിക്കാനായി മാജിക് കൂണ്‍ എന്ന പേരില്‍ ശരീരത്തിനു ഹാനിയുണ്ടാക്കുന്ന കൂണ്‍കൃഷിയും നടക്കുന്നുണ്ട്.  സുപ്രിംകോടതി ഉത്തരവ് വന്നശേഷം മദ്യഷാപ്പുകള്‍ 5000ത്തില്‍ നിന്ന് 1200 എണ്ണം പൂട്ടി. ഫൈവ്സ്റ്റാറുകള്‍ 30ല്‍ 19 എണ്ണവും ക്ലബുകള്‍ 33ല്‍ 11 എണ്ണവും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ 850ല്‍ 600ഉം ബിവറേജസ് കടകള്‍ 307ല്‍ 180ഉം പൂട്ടി. കാന്‍സര്‍ രോഗികള്‍ക്ക് ഉറക്കം വരാന്‍ നല്‍കുന്ന മോര്‍ഫിന്‍, നിട്രോവൈറ്റ്-100, എല്‍പ്രാസം, പാസ്‌മോ പ്രോക്‌സിയോ, നിട്രാസെന്‍ ബാം എന്നിവയും  കൊഡെയ്ന്‍, പാന്‍സൊഡെയ്ന്‍ എന്നീ പനി ഗുളികകളും ലഹരിക്കായി ഉപയോഗിക്കുന്നു. മെഡിക്കല്‍ ഷോപ്പുകളിലൂടെ ഡോക്ടറുടെ കുറിപ്പില്ലാതെ വാങ്ങിയാണിവ ഉപയോഗിക്കുന്നത്. തെലങ്കാനയില്‍ വ്യാപകമായി കൃഷിചെയ്തുവരുന്ന കഞ്ചാവ് അതിര്‍ത്തി വഴി കമ്പം, വാളയാറിലൂടെയും കൂടാതെ സാധാരണ യാത്രികരിലൂടെ അഞ്ച് കിലോ വരെയായി സഞ്ചികളില്‍ കടത്തുന്ന പുതിയ പ്രവണതയും  ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളുമായി ചേര്‍ന്നു സംയുക്ത റെയ്ഡ് ശക്തമാക്കും. കാസര്‍കോട് അടക്കം 11 ജില്ലകളില്‍ തീരദേശസേനാപ്രവര്‍ത്തനവും കാര്യക്ഷമമാക്കും. ഇതുവഴിയുള്ള ലഹരികടത്തും തടയും. ജൂണ്‍ 26ന് ലഹരിവര്‍ജ്യദിനം തലസ്ഥാനത്ത് വിപുലമായ ബോധവല്‍ക്കരണ പരിപാടികളോടെ നടത്തുമെന്നും 31ന് ഇതിനു മുന്നോടിയായുള്ള ജില്ലാതല പരിപാടികള്‍ നടക്കുമെന്നും ഋഷിരാജ്‌സിങ് പറഞ്ഞു. ജൂണ്‍ 12ന് പുതിയ സിവില്‍ എക്‌സൈസ് ഗാര്‍ഡുകളുടെ പാസിങ് ഔട്ട് പരേഡും നടക്കും.
Next Story

RELATED STORIES

Share it