thrissur local

എക്‌സൈസ് ഓഫിസില്‍ റെയ്ഡ്; 45000 രൂപയും 235 ലിറ്റര്‍ കള്ളും പിടികൂടി

ചാലക്കുടി: ചാലക്കുടി എക്‌സൈസ് റെയ്ഞ്ച് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ കണക്കില്‍പെടാത്ത നാല്‍പ്പത്തയ്യായിരം രൂപയും അനധികൃതമായി സൂക്ഷിച്ച 235 ലിറ്റര്‍ കള്ളും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് റെയിഞ്ചിലെ ലേലക്കാരനായ ജോഫിയുടെ മൂന്ന് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.
മറയൂര്‍ സ്വദേശി വിശാഖം വീട്ടില്‍ വിനോദ്(32),അത്തി േക്കാട് ഇളയപുരക്കല്‍ ദിലീപ്(31), പാല ഉറുംപാടയില്‍ അനീഷ്(31)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പാലക്കാട് നിന്ന് കൊണ്ടുവരുന്ന ചെത്ത് കള്ള് നാട്ടിലെ ചെത്ത് കള്ളും എക്‌സൈസ് ഓഫിസിലെ കൊണ്ടുവന്ന് അളന്നിട്ടാണ് ഷാപ്പുകളിലേക്ക് വിതരണത്തിനായി കൊണ്ടു പോകുന്നത്. വിതരണത്തിനായി കൊണ്ടു പോകുന്ന കള്ളില്‍ കൃത്രിമം നടക്കുന്നതായുള്ള സൂചനയെ തുടര്‍ന്നാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. റെയ്ഡിനെ തുടര്‍ന്ന് മായം ചേര്‍ക്കുന്നതിനായി ഉപയോഗിക്കുന്ന പഞ്ചസാര ലായനിയും പിടികൂടിയിട്ടുണ്ട്. കള്ളിന്റേയും പഞ്ചസാര ലായനിയുടേയും സാമ്പിളുകള്‍ പരിശോധനക്ക് അയക്കുന്നതാണ്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടിയാണ് മായം ചേര്‍ക്കല്‍ നടക്കുന്നതെന്ന് പറയപ്പെടുന്നു.
ഇവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും പോലിസ് അറിയിച്ചു. കള്ള് ഷാപ്പുകളില്‍ വിതരണത്തിനെത്തുന്ന കള്ളില്‍ വ്യാജ വില്‍പ്പന തടയുന്നതിനായിട്ടാണ് എക്‌സൈസ് ഓഫിസില്‍ നിന്ന് വിതരണം ആരംഭിച്ചത്.
എന്നാല്‍ അവിടെയും കൃത്രിമം നടക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണ്. വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണിത്. പാലക്കാട് നിന്നെത്തുന്ന കള്ളും നാട്ടിന്‍ പുറങ്ങളില്‍ നിന്ന് ചെത്തുന്ന കള്ളും ഷാപ്പുകളില്‍ വിതരണതിന് തികയുകയില്ല. അത് കൊണ്ടാണ് പൊട്ടിയും പഞ്ചസാര ലായിനിയും മറ്റും യഥാര്‍ഥ കള്ളുകളില്‍ ചേര്‍ത്ത് കള്ളിന്റെ അളവ് വര്‍ധിപ്പിക്കുന്നത്.
ഇത്രയധികം വ്യാജമായി നിര്‍മിച്ചാലും കള്ള് ആവശ്യത്തിന് വിതരണത്തിന് തികയുന്നില്ലെന്നും പറയപ്പെടുന്നു. ഞായറാഴ്ച രാവിലെ മുതല്‍ തുടങ്ങിയ റെയ്ഡ് ഏറെ വൈകിയും തുടരുകയാണ്. ചാലക്കുടി സര്‍ക്കിള്‍ ഓഫിസര്‍ ക്രിസ്പിന്‍ സാം, എസ്‌ഐ ടി റെനീഷ്, വിജിലന്‍സ് സിഐ സലില്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Next Story

RELATED STORIES

Share it