kozhikode local

എക്‌സിറ്റ് പോള്‍: യുഡിഎഫ് കേന്ദ്രങ്ങളില്‍ മ്ലാനത

താമരശ്ശേരി: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫ് അണികളിലും നേതാക്കളിലും മ്ലാനത പരത്തി.
അതേ സമയം എല്‍ഡിഎഫ് അണികളിലും നേതാക്കളിലും ആത്മവിശ്വാസവും വിജയ പ്രതീക്ഷയും ഉയര്‍ത്തുകയും ചെയ്തു. മലയോര മണ്ഡലങ്ങളില്‍ പ്രത്യേകിച്ചും കൊടുവള്ളിയില്‍ യുഡിഎഫിന്റെ ഉരുക്കു കോട്ടക്ക് വിള്ളലേല്‍ക്കുമെന്ന ആശങ്കയാണ് ലീഗ് നേതൃത്വത്തെ തളര്‍ത്തുന്നത്. ഇവിടെ ലീഗിന്റെ അഭിമാന പോരാട്ടമാണ് കാഴ്ചവച്ചതെന്നതിനാല്‍ ചെറിയ പരാജയം പോലും പാര്‍ട്ടിക്ക് താങ്ങാന്‍ കഴിയാതെ പോവും. പ്രത്യേകിച്ചും ലീഗ് വിമതനായ കാരാട്ട് റസാഖ് വിജയിക്കുന്നത് അണികള്‍ക്കും നേതൃത്വത്തിനും ചിന്തിക്കാന്‍ പോലും പറ്റില്ല.
മുന്‍ തിരഞ്ഞെടുപ്പിനേക്കാ ള്‍ വീറു വാശിയും കൊടുവള്ളിയില്‍ അരങ്ങേറിയതിന്റെ തെളിവാണ് 81.49 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയത്. ഇത് ഇരുമുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്നെങ്കിലും സര്‍വേ ഫലം എ ല്‍ഡിഎഫിനനുകൂലമായി പുറത്തുവന്നതാണ് അണികളില്‍ നിരാശ പരത്തുന്നത്. ഈ സര്‍വേ ഫലങ്ങള്‍ ആരും കാര്യമായി എടുക്കുന്നില്ലെന്നും നാലോളം സര്‍വേകളും യാതൊരു യോജിപ്പുമില്ലാത്ത ഫലങ്ങളാണ് പുറത്തു വിട്ടതെന്നും പ്രമുഖ യുഡിഎഫ് നേതാവ് തേജസിനോട് വ്യക്തമാക്കി.
നേരിയ ഭൂരിപക്ഷത്തില്‍ തുടര്‍ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വന്‍ അടിയൊഴുക്കുകള്‍ ഇക്കുറി നടന്നിട്ടുണ്ടെന്നും അത് ഇടതുമുന്നണിക്ക് ഏറെ ഗുണംചെയ്യുമെന്നും അവര്‍ കണക്കു കൂട്ടുന്നു. ഇതിന്റെ ഭാഗമായി കൊടുവള്ളിയില്‍ ഇടതു സ്വതന്ത്രനും തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസും ജയിക്കുമെന്ന കാര്യത്തില്‍ ഇടതുമുന്നണി നേതാക്കള്‍ക്കും അണികള്‍ക്കും യാതൊരു സംശയവും ഇല്ല.
ബാലുശ്ശേരിയില്‍ സിറ്റിങ് എംഎല്‍എയായ പുരുഷന്‍ കടലുണ്ടി പരാജയപ്പെടുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി യു സി രാമന്‍ പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.
മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇക്കുറി കാന്തപുരം വിഭാഗം പരസ്യമായി ഇടതിനു വേണ്ടി വോട്ടു തേടിയത് കാര്യമായി എടുക്കുന്നില്ലെന്നും എന്നും അവര്‍ ഇടതിനൊപ്പമോ ലീഗിനു എതിരോ ആയിരുന്നുവെന്നും ലീഗ് ജില്ലാ നേതാവ് വ്യക്തമാക്കുന്നു.
ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അണികളും നേതാക്കളും കൂട്ടിയും കിഴിച്ചും സമയമാവുന്നതും കാത്തിരിക്കുന്നു.
Next Story

RELATED STORIES

Share it