എക്‌സിറ്റ് പോള്‍: പ്രതീക്ഷയര്‍പ്പിച്ച് സിപിഎം, ബിജെപി നേതൃത്വം

ന്യൂഡല്‍ഹി: കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് സിപിഎം, ബിജെപി നേതൃത്വങ്ങള്‍. കേരളത്തിലും അസമിലും ഭരണം നഷ്ടപ്പെടുമെന്ന് എക്‌സിറ്റ് പോള്‍ ഫലത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് ആവട്ടെ നിരാശയിലുമാണ്.
അസമില്‍ ആദ്യമായി തനിച്ച് അധികാരത്തിലെത്തുമെന്ന സൂചന വന്‍ ആഹ്ലാദമാണ് ബിജെപി കേന്ദ്രനേതൃത്വത്തിനു നല്‍കുന്നത്. അസമില്‍ അധികാരത്തിലെത്തിയാല്‍ അത് ഹിന്ദിമേഖയില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ വളര്‍ച്ചകൂടിയാവും. പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും ബിജെപിയുടെ സാന്നിധ്യം നിയമസഭയിലുണ്ടാവുമെന്ന സൂചനകളും പാര്‍ട്ടിക്ക് ഉണര്‍വേകുന്നുണ്ട്. അങ്ങനെ വന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ്, ബംഗാള്‍, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുകളില്‍ ഇത് പ്രതിഫലിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പു നടന്ന അസം, കേരളം, പുതുച്ചേരി എന്നീ മൂന്നു സംസ്ഥാനങ്ങളിലെ ഭരണകക്ഷിയായിരുന്നു കോണ്‍ഗ്രസ്. അസമിലും കേരളത്തിലും കോണ്‍ഗ്രസ്സിനു ഭരണം നഷ്ടമാവുമെന്നാണ് സര്‍വേകള്‍ പറയുന്നത്. തന്നെയുമല്ല, അസമില്‍ കോണ്‍ഗ്രസ്സിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണെന്നും സൂചന വന്നുകഴിഞ്ഞു.
അസമില്‍ കോണ്‍ഗ്രസ്സിനു കാര്യമായ പ്രതീക്ഷയില്ലായിരുന്നുവെങ്കിലും വന്‍ തിരിച്ചടി ഹൈക്കമാന്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും തുടര്‍ഭരണം ഹൈക്കമാന്‍ഡ് പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷയും തല്ലിക്കെടുത്തുന്നതാണ് മിക്ക ഫലങ്ങളും നല്‍കിയ സൂചന. എന്നാല്‍, തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഡിഎംകെ അധികാരത്തില്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന ചില സര്‍വേകള്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ആശ്വാസം നല്‍കുന്നത്. അതോടൊപ്പം പുതുച്ചേരിയിലും ഭരണത്തുടര്‍ച്ചയുണ്ടാവുമ്പോള്‍ കോണ്‍ഗ്രസ്സിനു പിടിച്ചുനില്‍ക്കാം. അതേസമയം, അസമിലും കേരളത്തിലും ഭരണം പോവുന്നത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കു തന്നെയാവും വെല്ലുവിളിയാവുക. ആരോഗ്യകാരണങ്ങളാല്‍ കേരളത്തില്‍ അദ്ദേഹം പ്രചാരണത്തിന് എത്തിയിരുന്നില്ല.
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്, സിപിഎം സഖ്യത്തിന് 50-70 സീറ്റുകള്‍ മാത്രമേ സര്‍വേകള്‍ നല്‍കുന്നുള്ളൂ. എങ്കിലും സീറ്റ് വര്‍ധിക്കുമെന്ന സര്‍വേ സൂചനകള്‍ ഇരുപാര്‍ട്ടികള്‍ക്കും നേരിയ ആശ്വാസം നല്‍കുന്നു. ഒരുമിച്ചു നിന്നിട്ടും നൂറു സീറ്റുകളെങ്കിലും നേടാനായില്ലെങ്കില്‍ ബംഗാള്‍ നേതാക്കള്‍ക്ക് കോണ്‍ഗ്രസ്സുമായുള്ള സഹകരണം പാര്‍ട്ടിയില്‍ വിശദീകരിക്കാന്‍ വിയര്‍ക്കേണ്ടിവരും.
കേരളത്തിലെ ഫലത്തെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ കാരണം സിപിഎം ഭരണം ഉറപ്പിച്ച മട്ടാണ്. എന്നാല്‍ പിണറായി വിജയനും വി എസ് അച്യുതാനന്ദനും വിജയിച്ചാല്‍ മുഖ്യമന്ത്രി ആരാവുമെന്നത് നിശ്ചയിക്കാന്‍ കേന്ദ്രനേതൃത്വം കുഴങ്ങും.
Next Story

RELATED STORIES

Share it