Pathanamthitta local

എക്‌സറേ, ട്രോമാകെയര്‍ യൂനിറ്റ് അനുവദിച്ചു; മാലിന്യ സംസ്‌കരണ പ്ലാന്റ് ഉടന്‍ സ്ഥാപിക്കും

അടൂര്‍: ജനറല്‍ ആശുപത്രിയുടെ വികസന സാധ്യതയും പോരായ്മയും ചൂണ്ടി കാണിച്ച് നടന്ന വികസന സെമിനാര്‍ ചൂടേറിയ ചര്‍ച്ചക്ക് വേദിയായി. ജില്ലാ പോലിസ് വിജിലന്‍സ് വിഭാഗവും അടൂര്‍ പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച വികസന സെമിനാര്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അഴിമതി രഹിതമായ ആശുപത്രിയുടെ വികസനമാണ് ആവശ്യമെന്നും രാഷ്ട്രീയ അഴിമതി ആദ്യം ഇല്ലാതാക്കിയെങ്കിലെ സമൂഹത്തില്‍ അഴിമതി തുടച്ചു മാറ്റാനാകൂ. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന കാന്‍സറായി അഴിമതിമാറിയെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും ജാഗ്രതയോടെ നിന്നാല്‍ അഴിമതിയില്ലാതാകുമെന്ന് എംഎല്‍എ സൂചിപ്പിച്ചു.
ജനറല്‍ ആശുപത്രിയില്‍ കമ്പ്യൂട്ടറൈസ്ഡ് എക്സറേ, ട്രോമാകെയര്‍ യൂനിറ്റ് എന്നിവ അനുവദിച്ചു. ഫ്രീസര്‍ മോര്‍ച്ചറി സ്ഥാപിക്കാനും ഉടന്‍ നടപടി സ്വീകരിക്കും. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനോടൊപ്പം കാര്‍ഡിയോളജി, മാനസികാരോഗ്യ വിഭാഗവും ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു.
കേരളത്തിലെ എറ്റവും മികച്ച സര്‍ക്കാര്‍ആശുപത്രിയായ പുനലൂര്‍ താലൂക്കാശുപത്രിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സൂപ്രണ്ട് ഡോ.ഷാഹിര്‍ഷാ  വിശദീകരിച്ചു. അടൂര്‍ ജനറലാശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങളെയും പരിമിതികളെയും കുറിച്ച് അടൂര്‍ ജനറലാശുപത്രി സൂപ്രണ്ട് സരസ്വതിയമ്മ വിശദീകരിച്ചു. മാലിന്യ സംസ്‌കരണ പ്ലാന്റ് ഉടന്‍ സ്ഥാപിക്കുമെന്ന്  സൂപ്രണ്ട്  പറഞ്ഞു. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടിസ് നല്‍കിയിട്ടുണ്ട്.  ഒരു ഐസിയു ആംബുലന്‍സ് കൂടി ഉടന്‍ ലഭിക്കും. ഡിജിറ്റല്‍ ഡിസ്പ്ലേ സംവിധാനം ഏര്‍പ്പെടുത്തും. ഫാര്‍മസി ഇവിടെ നിന്ന് മാറ്റുന്നതോടെ അവിടുത്തെ  തിരക്കു കുറക്കുവാന്‍ കഴിയും.  രണ്ട് ജീവനക്കാരെ കൂടി നിയോഗിച്ചാല്‍ ഉടന്‍ ഡയാലസിസ് യൂനിറ്റ് പ്രവര്‍ത്തനം ആരംഭിക്കും.
ദന്തല്‍ ഒപി വിഭാഗത്തില്‍ റൂട്ട് കനാല്‍ ഉള്‍പ്പടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സൂപ്രണ്ട്  പറഞ്ഞു. അടൂര്‍ ജനറലാശുപത്രിയുടെ വികസനത്തിന് കൂടുതല്‍ സ്ഥലം കണ്ടെത്തണമെന്ന് നഗരസഭാ കൗണ്‍സിലര്‍ എസ് ബിനു ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
പ്രസ്‌ക്ലബ് പ്രസിഡന്റ് അടൂര്‍ പ്രദീപ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി തെങ്ങമം അനീഷ്, വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി പി ഡി ശശി, ഫാ.ഗീവര്‍ഗീസ് ബ്ലാഹേത്ത്, ബിജു വര്‍ഗീസ്, ഉമ്മന്‍ തോമസ് ജോസ് പെരിങ്ങനാട്, മീര സാഹിബ്, അജി, സുമ നരേന്ദ്ര, കുഞ്ഞുമോള്‍, കൊച്ചു പാപ്പി സംസാരിച്ചു.
Next Story

RELATED STORIES

Share it