Idukki local

എക്കോ പോയിന്റില്‍ റോഡിലിറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി



മൂന്നാര്‍: എക്കോ പോയിന്റില്‍ ചില്ലിക്കൊമ്പന്റെ വിളയാട്ടം. മൂന്നാറില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന പ്രദേശങ്ങളിലൊന്നായ എക്കോപോയിന്റില്‍ റോഡിലിറങ്ങിയ കാട്ടാന ഏറെ നേരം പരിഭ്രാന്തി പടര്‍ത്തി. റോഡിലറിങ്ങി നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് റോഡിലൂടെ നടന്ന് കുണ്ടളയ്ക്ക് പോകുന്ന വഴിയിലും റോഡില്‍ നിന്ന് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗതടസ്സം സൃഷ്ടിച്ചു. കുണ്ടളയ്ക്കടുത്തുള്ള ഒരു വീടിനു സമീപത്തെ തോട്ടത്തില്‍ കയറിയ കാട്ടാന അവിടെയുണ്ടായിരുന്ന കൃഷികള്‍ നശിപ്പിച്ചു. നാട്ടുകാര്‍ ബഹളമുണ്ടായിട്ടും പിന്മാറാന്‍ കൂട്ടാക്കാതിരുന്ന കാട്ടാന ഏറെ നേരം കഴിഞ്ഞാണ് മടങ്ങിയത്. രണ്ടാഴ്ചയ്ക്ക് മുമ്പ് മാട്ടുപ്പെട്ടി സണ്‍മൂണ്‍വാലി പാര്‍ക്കിലെത്തിയ കാട്ടാന അവിടെ കൃഷികള്‍ നശിപ്പിക്കുകയും സമീപത്തെ കടകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ അണിനിരത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ദേവികുളം ഡിഎഫ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന മാര്‍ച്ച് കെപിസിസി വൈസ് പ്രസിഡന്റ് എകെ മണി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍, ഡി കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍, ജി മുനിയാണ്ടി, ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it