എകെപിയുടെ വിജയത്തിനു പിന്നാലെ തുര്‍ക്കിയില്‍ 44 ഗുലെന്‍ അനുകൂലികള്‍ അറസ്റ്റില്‍

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരേ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പോലിസ് 44 ഗുലെന്‍ അനുയായികളെ അറസ്റ്റ് ചെയ്തു.
പടിഞ്ഞാറന്‍ തീരനഗരമായ ഇസ്മിറില്‍ നടത്തിയ റെയ്ഡിലാണ് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്. ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് (എകെ) പാര്‍ട്ടി പകുതിയോളം വോട്ടുകള്‍ നേടി ഒറ്റയ്ക്കു മന്ത്രിസഭ രൂപീകരിക്കാനുള്ള വിജയം കൈവരിച്ചതിനു പിന്നാലെയാണിത്.
അറസ്റ്റിലായവരില്‍ പ്രാദേശിക ഭരണകര്‍ത്താക്കളും മുന്‍ പോലിസ് മേധാവികളും ഉള്‍പ്പെടുമെന്ന് അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ ഗുലെന്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ, രാജ്യത്തു നിന്നും നാടുകടത്തപ്പെട്ട പണ്ഡിതന്‍ ഫെതുല്ല ഗുലെന്‍ ഇപ്പോള്‍ യുഎസിലാണുള്ളത്. മുമ്പ് ഉര്‍ദുഗാനുമായി സഖ്യത്തിലായിരുന്ന ഗുലെന്‍, 2013ല്‍ ഉര്‍ദുഗാന്‍ സര്‍ക്കാരിലെ അംഗങ്ങള്‍ക്കെതിരേ അഴിമതിയാരോപണവുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ ഗുലെന്‍ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ആരംഭിച്ചു.
അഴിമതിയാരോപണം സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് ഉര്‍ദുഗാന്‍ ആരോപിക്കുന്നത്.
ഗുലെന്‍ പ്രസ്ഥാനത്തെ തീവ്രവാദ സംഘടനയായിട്ടാണ് തുര്‍ക്കി സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. വീണ്ടും അധികാരത്തിലേറിയതോടെ സര്‍ക്കാര്‍ ഗുലെന്‍ അനുയായികള്‍ക്കെതിരേ നടപടികള്‍ ശക്തമാക്കുമെന്നാണു കരുതുന്നത്.
Next Story

RELATED STORIES

Share it