എഐസിസിക്ക് കത്തയച്ചു; ബംഗാളില്‍ ഇടതുമായി സഹകരിക്കാമെന്ന് കോണ്‍ഗ്രസ്‌

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂലുമായി സഹകരണം പ്രായോഗികമല്ലെന്നും ഇടതുമായി സഹകരിച്ചുപോവണമെന്നും ആവശ്യപ്പെട്ടു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എഐസിസിക്ക് കത്തയച്ചു. തൃണമൂല്‍-ബിജെപി സഖ്യത്തെ പരാജയപ്പെടുത്താനുള്ളത് എന്നു വിശേഷിപ്പിച്ച 21 മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കത്തിലാണ് ഈ പരാമര്‍ശമുള്ളത്. ജൂണ്‍ 13നാണ് ഇതുസംബന്ധിച്ച കത്ത് സംസ്ഥാന നേതൃത്വം കേന്ദ്രത്തിനു നല്‍കിയത്.
പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഒ പി മിശ്രയാണ് ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃണമൂല്‍ അധികാരത്തില്‍ കയറുന്നതു തടയുകയാണു ലക്ഷ്യം. ഇടതുപാര്‍ട്ടികളുമായി ചേര്‍ന്ന് സംസ്ഥാനത്ത് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും മിശ്ര പറഞ്ഞു.
കൊല്‍ക്കത്ത, സിലിഗുരി, അസനോള്‍, ബെഹ്‌റാംപുര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യ ഓഫിസുകള്‍, പുതിയ വെബ്‌സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍, 50000ഓളം സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവയെല്ലാം 2018 ഒക്ടോബറോടെ നല്‍കണമെന്നും കത്തിലുണ്ട്. സന്നദ്ധപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇരുപാര്‍ട്ടികള്‍ക്കും ലഭ്യമാവുന്ന രീതിയില്‍ ഏകീകരിക്കണം. ബൂത്തുതലം മുതല്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 2011 മുതല്‍ സംസ്ഥാനത്ത് മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമെതിരേ റിപോര്‍ട്ട് ചെയ്ത മനുഷ്യാവകാശലംഘനങ്ങളും കെട്ടിച്ചമച്ച കേസുകളും പ്രവര്‍ത്തകര്‍ വഴി ശേഖരിക്കാനാണു പാര്‍ട്ടിയുടെ ലക്ഷ്യം.
Next Story

RELATED STORIES

Share it