എഐയുഡിഎഫ് തൃണമൂലിനെ തേടുന്നു

എഐയുഡിഎഫ് തൃണമൂലിനെ തേടുന്നു
X
trinamool
ഗുവാഹത്തി: അസമിലെ മുസ്‌ലിം വോട്ടര്‍മാരില്‍ ഭൂരിഭാഗവും പിന്തുണയ്ക്കുന്ന എഐയുഡിഎഫ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിന് ശ്രമിക്കുന്നു. പശ്ചിമ ബംഗാളില്‍ കഴിഞ്ഞതവണ മുസ്‌ലിം വോട്ടിന്റെ നല്ലൊരു ഭാഗം പെട്ടിയിലാക്കിയ മമതയ്ക്കിപ്പോഴും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുണ്ട്. അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന വോട്ടര്‍മാരും നിരവധി. മമതയെ സംസ്ഥാനത്ത് പ്രചാരണത്തിനെത്തിക്കുന്നതിലൂടെ ഈ വോട്ടുകള്‍കൂടി കൈക്കലാക്കാമെന്നാണ് എഐയുഡിഎഫിന്റെ കണക്ക് കൂട്ടല്‍.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ എട്ട് മണ്ഡലങ്ങളില്‍ എഐയുഡിഫ് മല്‍സരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും മല്‍സര രംഗത്തുണ്ടാവുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്സുമായി ധാരണയിലെത്തിയാല്‍ അവര്‍ക്കു വേണ്ടി മറ്റു മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും. പാര്‍ട്ടിയുടെ സ്ഥാപക അധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍ ഇതിനായി ബംഗാളിലെത്തുമെന്ന് എഐയുഡിഎഫ് ജനറല്‍ സെക്രട്ടറി അമീനുല്‍ ഇസ്‌ലാം പറഞ്ഞു. എന്നാല്‍ സഖ്യസാധ്യത സംബന്ധിച്ച് തൃണമൂല്‍ നേതാക്കള്‍ വ്യക്തമായി പ്രതികരിച്ചില്ല. മമതയ്ക്ക് ബംഗാളില്‍ മാത്രം 150ലധികം യോഗങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രചാരണം പ്രയാസമാവുമെന്ന് പറഞ്ഞ നേതാക്കള്‍ എഐയുഡിഎഫിന്റെ ക്ഷണം ലഭിച്ചിട്ടില്ലെന്നും അറിയിച്ചു.
അതേസമയം, ഒരു സീറ്റ് മാത്രമുള്ള അസമില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. 18 സീറ്റുള്ള രണ്ടാമത്തെ വലിയ കക്ഷിയായ എഐയുഡിഎഫുമായുള്ള സഖ്യം അവര്‍ക്ക് ഉപകാരപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അസമിലെ ബംഗാളികള്‍ക്കിടയില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ ബിജെപി വര്‍ഗീയ പ്രചാരണം വ്യാപകമാക്കിയിട്ടുണ്ട്. ബംഗാളി സംസാരിക്കുന്ന കുടിയേറ്റ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.
എന്നാല്‍, അഞ്ചുവര്‍ഷത്തിലധികമായി ഇന്ത്യയില്‍ താമസിക്കുന്ന എല്ലാ കുടിയേറ്റക്കാര്‍ക്കും അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടുണ്ടാവുമെന്ന് മമത അടുത്തിടെ പറഞ്ഞിരുന്നു. ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളെയും മുസ്‌ലിംകളെയും പീഡിപ്പിക്കരുതെന്നും അവരെ സംരക്ഷിക്കണമെന്നുമാണ് ബദറുദ്ദീന്‍ അജ്മലിന്റെ നിലപാട്. അസമിലെ 126 മണ്ഡലങ്ങളില്‍ 60ലധികം സീറ്റുകളില്‍ മല്‍സരിക്കാനാണ് എഐയുഡിഎഫിന്റെ തീരുമാനം. 16 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പാര്‍ട്ടി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. തൃണമൂലിന് പുറമെ, ജെഡിയു, ആര്‍ജെഡി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതന്ത്രിക്) കക്ഷികളുമായും സഖ്യസാധ്യത ആരായുന്നുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
തൃണമൂലും എഐയുഡിഎഫും സംഖ്യമുണ്ടാക്കുന്നതിലൂടെ സംസ്ഥാനത്ത് നിലവിലുള്ള കോണ്‍ഗ്രസ് വിരുദ്ധ വികാരം അനുകൂല വോട്ടാക്കി മാറ്റാനും ബിജെപിയുടെ മുന്നേറ്റം തടയാനും ഇവര്‍ക്ക് സാധിക്കുമെന്നു നിരീക്ഷകര്‍ കരുതുന്നു. അസമിലെ ജനസംഖ്യയില്‍ പകുതി ബംഗാളി സംസാരിക്കുന്നവരാണ്. ഇവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്നാണ് ബിജെപിയും ചില കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നത്.

[related]
Next Story

RELATED STORIES

Share it