Flash News

എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന് റെഡ് കാര്‍ഡ്‌



ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) തലപ്പത്തു നിന്ന് പ്രഫുല്‍ പട്ടേലിനെ നീക്കി ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ദേശീയ സ്‌പോര്‍ട്‌സ് കോഡിന് വിരുദ്ധമായാണ് എഐഎഫ്എഫ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതെന്ന് കണ്ടെത്തിയ കോടതി, അഞ്ച് മാസത്തിനുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്താനും ഉത്തരവിട്ടു. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷിക്ക് താല്‍ക്കാലിക ചുമതല നല്‍കാനും ജസ്റ്റിസുമാരായ രവീന്ദ്ര ബട്ടും നജ്മി വാസിറിയുമടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചു. കഴിഞ്ഞ ഡിസംബറില്‍ എഐഎഫ്എഫ് പ്രസിഡന്റായി മൂന്നാം വട്ടവും പ്രഫുല്‍ പട്ടേലിനെ തിരഞ്ഞെടുത്തത് ദേശീയ സ്‌പോര്‍ട്‌സ് കോഡ് ലംഘിച്ചാണെന്ന് വാദിച്ച് അഭിഭാഷകനും സ്‌പോര്‍ട്‌സ് ആക്ടിവിസ്റ്റുമായ രാഹുല്‍ മെഹ്‌റയാണ് കോടതിയെ സമീപിച്ചത്. മെഹ്‌റ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയിലെ വാദങ്ങള്‍ കോടതി ശരിവച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ 2008ല്‍ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിക്ക് പകരക്കാരനായാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലപ്പത്തെത്തിയത്. രോഗബാധിതനായി പ്രിരഞ്ജന്‍ ദാസ് ചുമതലയൊഴിഞ്ഞപ്പോള്‍ ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റ പ്രഫുല്‍ പട്ടേല്‍ 2009ല്‍ മുഴുവന്‍ സമയ പ്രസിഡന്റായി. 2012ല്‍ രണ്ടാമതും പ്രസിഡന്റായി. ഡിസംബറില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐക്യകണ്‌ഠേന തിരഞ്ഞെടുത്ത പ്രഫുല്‍ പട്ടേലിന് നിലവില്‍ 2017 മുതല്‍ 2020 വരെ കാലാവധിയുണ്ടായിരുന്നു. നേരത്തെ തന്നെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഹൈക്കോടതി സ്‌റ്റേ നീക്കിയതിനെ തുടര്‍ന്നാണ് ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റെടുത്തത്. അതേസമയം, വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം ഭാവി തീരുമാനങ്ങള്‍ കൈക്കൊള്ളാമെന്ന നിലപാടിലാണ് എഐഎഫ്എഫ്. കോടതി വിധിക്ക് പശ്ചാത്തലമായ കാരണം അറിയില്ലെന്നും വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം നിയമവശങ്ങള്‍ പരിശോധിക്കുമെന്നും എഐഎഫ്എഫ് പ്രതികരിച്ചു. പ്രഫുല്‍ പട്ടേല്‍ മുഖ്യ കാര്‍മികത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പ് വന്‍ വിജയമായി സമാപിച്ചതിനു ശേഷമാണ് വിധിയെന്നത് ശ്രദ്ധേയമാണ്. ഫെഡറേഷന്റെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ ഫിഫ എഐഎഫ്ഫഎഫിനെതിരേ നടപടിയെടുത്തേക്കും.
Next Story

RELATED STORIES

Share it