എഎസ്‌ഐക്ക് നേരെ മോഷ്ടാവിന്റെ ആസിഡാക്രമണം

കൊല്ലം: പിടികൂടാനെത്തിയ എഎസ്‌ഐയെ കുപ്രസിദ്ധ മോഷ്ടാവ് ആസിഡൊഴിച്ച് പൊള്ളലേല്‍പ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ കൊല്ലം റൂറല്‍ എസ്പി ഷാജഹാനെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. അക്രമിയായ മോഷ്ടാവ് മടവൂര്‍ പുലിയൂര്‍കോണം മാങ്കുഴി ചരുവിള പുത്തന്‍ വീട്ടില്‍ ഗോപി (നെടുമണ്‍കാവ് ഗോപി 45)യെ പോലിസ് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസം രാവിലെ 9ന് ആയൂരിലായിരുന്നു സംഭവം. ആയൂര്‍ പാലത്തിനു സമീപത്തെ മജിസ്‌ട്രേറ്റ് കടവില്‍ ഗോപി ക്യാംപ് ചെയ്യുന്നതായി ചടയമംഗലം എസ്‌ഐക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് എഎസ്‌ഐ ഷാജഹാന്‍ പ്രതിയെ പിടികൂടാന്‍ സംഭവസ്ഥലത്തെത്തി.
ഗോപിയെ പിടികൂടുന്നതിനിടെ ഇയാള്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് എഎസ്‌ഐയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. കുതറിമാറിയ എഎസ്‌ഐയെ ഇയാള്‍ കല്ലുകൊണ്ട് ആക്രമിക്കുകയും പാറയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. കഴുത്തിലും മുഖത്തും തലയ്ക്കു പിന്‍വശത്തും പൊള്ളലേറ്റ എഎസ്‌ഐ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്.
തുടര്‍ന്ന് ആയൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റിനു സമീപത്തുനിന്നാണ് മോഷ്ടാവിനെ പോലിസ് അറസ്റ്റ് ചെയ്തത്. മോഷണത്തിന് ജയില്‍ശിക്ഷ കഴിഞ്ഞ് നാലുമാസം മുമ്പ് പുറത്തിറങ്ങിയ ഗോപി വീണ്ടും മോഷണം നടത്തിവരികയായിരുന്നു. അടുത്തിടെ നടന്ന സ്ഥിരം മോഷണങ്ങളില്‍ ഇയാള്‍ക്കു പങ്കുള്ളതായി വ്യക്തമായ തെളിവു ലഭിച്ചതോടെയാണ് പോലിസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഗോപി.
Next Story

RELATED STORIES

Share it