എഎപി വാര്‍ത്താസമ്മേളനത്തിനിടെ നേതാക്കള്‍ തമ്മില്‍ ചേരിപ്പോര്

കോട്ടയം: ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ഫോര്‍വേഡ് എന്ന പരിപാടി സംബന്ധിച്ചു വിവരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ തമ്മില്‍ ചേരിപ്പോരും വാക്തര്‍ക്കവും. ഇന്നലെ കോട്ടയം പ്രസ് ക്ലബ്ബിലായിരുന്നു സംഭവം. വാര്‍ത്താസമ്മേളനം ആരംഭിച്ചപ്പോള്‍ സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനാണു സംസാരിച്ചു തുടങ്ങിയത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനപരിപാടികളെക്കുറിക്കും നാളെ കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടക്കുന്ന പരിപാടിയെക്കുറിച്ചും സംസാരിച്ചു നിര്‍ത്തി. തുടര്‍ന്ന് ജില്ലാ ഭാരവാഹികള്‍ സംസാരിക്കാന്‍ തുടങ്ങിയതോടെയായിരുന്നു പ്രശ്‌നത്തിനു തുടക്കം.
തങ്ങള്‍ നേതാവായി സാറാ ജോസഫിനെ മാത്രമേ അംഗീകരിക്കുന്നുള്ളൂവെന്നും മറ്റാരുടെയും പരിപാടിയില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നുമായിരുന്നു ഇവരുടെ വാദം. സി ആര്‍ നീലകണ്ഠന്‍ നേതാവാണെന്നു സ്വയം പറയുന്നതേയുള്ളൂവെന്നും ഇതിനു തെളിവില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, നാളെ തെള്ളകത്താണു പാര്‍ട്ടി പരിപാടി സംഘടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മറ്റു പ്രവര്‍ത്തകര്‍ നീലകണ്ഠനൊപ്പം ചേര്‍ന്നതോടെ പരസ്പരം വാക്തര്‍ക്കമായി. ഇതോടെ വാര്‍ത്താസമ്മേളനം ആര് നടത്തുമെന്നതായി ചര്‍ച്ച. പാര്‍ട്ടിയാണു വാര്‍ത്താസമ്മേളനം വിളിച്ചതെന്നു ചൂണ്ടിക്കാട്ടി ജില്ലാ ഭാരവാഹികളായ ജേക്കബ് ജോസഫും ബെഞ്ചമിനും ഡയസിലെത്തി. എന്നാല്‍ താനാണു പണമടച്ചതെന്ന് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞതോടെ ഇവര്‍ മാധ്യമപ്രവര്‍ത്തകരുടെ അടുത്തെത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങി. എന്നാ ല്‍ മറ്റുള്ള പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ഇവര്‍ പുറത്തുപോയി.
സാറാ ജോസഫും താനും അടക്കമുള്ള സമിതിയുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സമിതി രാജിവച്ചെന്നും തുടര്‍ന്ന് താനടക്കമുള്ള എട്ടുപേര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നുവെന്നും സി ആര്‍ നീലകണ്ഠന്‍ ചൂണ്ടിക്കാട്ടി. കോട്ടയത്ത് പാര്‍ട്ടിപ്രവര്‍ത്തനം നിര്‍ജീവാവസ്ഥയിലായതാണു പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
Next Story

RELATED STORIES

Share it