Flash News

എഎപിയില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു : കെജ്‌രിവാളിനെതിരേ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി



ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയില്‍ ആരംഭിച്ച കലഹം കൂടുതല്‍ മൂര്‍ച്ഛിക്കുന്നു. എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച് മുന്‍ മന്ത്രി കപില്‍ മിശ്ര രംഗത്തെത്തി. ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ കെജ്‌രിവാളിന് രണ്ടു കോടി രൂപ കോഴ നല്‍കുന്നത് നേരിട്ട് കണ്ടെന്നാണ് മിശ്രയുടെ ആരോപണം.  സംസ്ഥാന ജലവിഭവ മന്ത്രിയായിരുന്ന കപില്‍ മിശ്രയെ കഴിഞ്ഞ ദിവസം മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കെജ്‌രിവാളിനെതിരേ അദ്ദേഹം അഴിമതിയാരോപണം ഉന്നയിച്ചത്.കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് സത്യേന്ദര്‍ ജെയിന്‍ രണ്ടുകോടി രൂപ നല്‍കിയത്. പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ കെജ്‌രിവാള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. രാഷ്ട്രീയത്തില്‍ ചില കാര്യങ്ങള്‍ ഇങ്ങനെ നടക്കുമെന്നും അതിന് ഉത്തരമില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഇക്കാര്യം ചോദ്യംചെയ്തതാണ് തന്നെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ കാരണം. കെജ്‌രിവാളിന്റെ ബന്ധുവിന്റെ 50 കോടി രൂപയുടെ ഭൂമിയിടപാട് നിയമാനുസൃതമാക്കിയതായി ജെയിന്‍ നേരത്തേ തന്നോട് പറഞ്ഞിട്ടുണ്ട്. അതുസംബന്ധിച്ച് കെജ്‌രിവാളിനോട് അന്വേഷിച്ചപ്പോള്‍, അടിസ്ഥാനരഹിതമാണെന്നും തന്നില്‍ വിശ്വാസം അര്‍പ്പിക്കാനുമായിരുന്നു നിര്‍ദേശം- കപില്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. അഴിമതി സംബന്ധിച്ച് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന് വിവരം നല്‍കിയതായും ഇക്കാര്യത്തില്‍ അഴിമതിവിരുദ്ധ ബ്യൂറോയോ സിബിഐയോ അന്വേഷണം നടത്തണമെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നേതൃത്വവുമായി നേരത്തേ ഇടഞ്ഞ കുമാര്‍ വിശ്വാസുമായി അടുപ്പംപുലര്‍ത്തുന്ന വ്യക്തിയാണ് മിശ്ര. സംഘപരിവാര സഹയാത്രികനായ കുമാര്‍ വിശ്വാസിന്റെ അടുത്ത അനുയായിയായ മിശ്ര മുന്‍ ബിജെപി പ്രവര്‍ത്തകനും പ്രമുഖ ബിജെപി നേതാവ് അനുപമ മിശ്രയുടെ മകനുമാണ്. കുമാര്‍ വിശ്വാസിനൊപ്പം കപില്‍ മിശ്രയും ബിജെപിയിലേക്കു മാറുകയാണെന്നു നേരത്തേ തന്നെ അഭ്യൂഹം ഉയര്‍ന്നിരുന്നു. എന്നാല്‍, ബിജെപിയില്‍ ചേരുമെന്നുള്ള പ്രചാരണം കപില്‍ നിഷേധിച്ചു.അതേസമയം, മിശ്രയുടെ ആരോപണങ്ങളെ തള്ളിയ ആം ആദ്മി പാര്‍ട്ടി, ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ജല ബില്ലുകള്‍ ലഭിക്കുന്നതായുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മിശ്രയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയതെന്ന വിശദീകരണമാണ് നല്‍കിയത്.   കപില്‍ മിശ്രയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി ആവശ്യപ്പെട്ടു. കെജ്‌രിവാളിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഡല്‍ഹി ഘടകം കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ പറഞ്ഞു. അതേസമയം, ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് എഎപി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.
Next Story

RELATED STORIES

Share it