Flash News

എഎപിയില്‍ കലഹം : അമാനത്തുള്ള ഖാന്‍ രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവച്ചു



ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാവാത്തതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പാര്‍ട്ടിയുടെ നയങ്ങളാണെന്നും വോട്ടിങ് യന്ത്രങ്ങളെ പഴിചാരി യഥാര്‍ഥ കാരണങ്ങളില്‍ നിന്ന് ഒളിച്ചോടാനാവില്ലെന്നും പറഞ്ഞ് പാര്‍ട്ടിക്കെതിരേ രംഗത്തെത്തിയ സ്ഥാപക നേതാവ് കുമാര്‍ ബിശ്വാസിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച ഓഖ്‌ല എംഎല്‍എ അമാനത്തുള്ള ഖാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ (പിഎസി) നിന്ന് രാജിവച്ചു. കുമാര്‍ ബിശ്വാസ് ആര്‍എസ്എസ്, ബിജെപി ഏജന്റാണെന്നും അദ്ദേഹം പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ഖാന്‍ ആരോപിച്ചിരുന്നത്. കുമാര്‍ ബിശ്വാസ് പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും ഖാന്‍ പറഞ്ഞിരുന്നു.  എന്നാല്‍, അമാനത്തുള്ളയുടെ പ്രസ്താവനയ്‌ക്കെതിരേ പാര്‍ട്ടിയിലെ 30ല്‍ അധികം എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. അമാനത്തുള്ളയ്‌ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രി നടന്ന പിഎസി കമ്മിറ്റിയില്‍ പങ്കെടുത്താണ് അമാനത്തുള്ള രാജിക്കത്ത് സമര്‍പ്പിച്ചത്. കുമാര്‍ ബിശ്വാസിനെതിരായ അമാനത്തുള്ളയുടെ പ്രസ്താവനയ്‌ക്കെതിരേ പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം സ്വയം പിഎസിയില്‍ നിന്ന് രാജിവച്ചതാണെന്നും അദ്ദേഹത്തിന്റെ രാജി പാര്‍ട്ടി സ്വീകരിച്ചുവെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.  അതേസമയം കുമാര്‍ ബിശ്വാസിനെതിരേയുള്ള തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി അമാനത്തുള്ള ഖാന്‍ പറഞ്ഞു. ബിജെപിക്ക് വേണ്ടിയാണ് കുമാര്‍ ബിശ്വാസ് ഗൂഢാലോചന നടത്തുന്നത്. ഞാന്‍ രാജിവച്ചത് എന്റെ മനസ്സാക്ഷിയോട് നീതി പുലര്‍ത്താനാണ്. പ്രസ്താവനയില്‍ എനിക്കു യാതൊരു കുറ്റബോധവുമില്ല. കുമാര്‍ ബിശ്വാസ് പാര്‍ട്ടിയെ പിളര്‍ത്താനാണ് ശ്രമിക്കുന്നത്. രാജിവച്ചതിനു ശേഷം ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it