Districts

എം വി രാഘവന് പയ്യാമ്പലത്ത് സ്മൃതിമണ്ഡപം ഒരുങ്ങുന്നു

കണ്ണൂര്‍: സിഎംപി സ്ഥാപകനും മുന്‍മന്ത്രിയുമായ എം വി രാഘവന് ജന്മനാട്ടില്‍ സ്മാരകം ഒരുങ്ങുന്നു. പയ്യാമ്പലത്ത് കുടുംബാംഗങ്ങള്‍ ചേര്‍ന്നുള്ള എംവിആര്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച സ്മൃതിമണ്ഡപം എംവിആറിന്റെ ഒന്നാം ചരമദിനമായ തിങ്കളാഴ്ച രാവിലെ ഒമ്പതിന് സിഎംപി നേതാവ് പാട്യം രാജന്‍ അനാച്ഛാദനം ചെയ്യും.  10 മണിക്ക് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ എംവിആര്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും സിഎംപി ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ജോണി നെല്ലൂര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍ എംഎല്‍എ, എം കെ കണ്ണന്‍ പങ്കെടുക്കും. പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമനാണ് സ്മൃതിമണ്ഡപം രൂപകല്‍പന ചെയ്തത്. യുഡിഎഫിലെ ഘടകകക്ഷിയായ സിഎംപിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് സിപിഎമ്മിന്റെ മുഖ്യശത്രുവായി മുദ്രകുത്തപ്പെട്ട എം വി രാഘവന്‍ പാര്‍ട്ടിക്കു സ്വീകാര്യനായി മാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് എംവിആറിന്റെ ഒന്നാം ചരമവാര്‍ഷികം നടക്കുന്നുവെന്നതു ശ്രദ്ധേയമാണ്.  കമ്മ്യൂണിസ്റ്റ് ഐക്യത്തിന് അവസാനകാലത്ത് രാഘവന്‍ താല്‍പര്യമെടുത്തിരുന്നു.അതേസമയം എംവിആറിന്റെ ഓര്‍മകള്‍ക്ക് ചുവപ്പുപരവതാനി വിരിക്കാനുള്ള സിപിഎം നീക്കം പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്. അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it