Articles

എം വി രാഘവന്റെ ആത്മാവിനു നിത്യശാന്തി

മധ്യമാര്‍ഗം - പരമു

കേരള രാഷ്ട്രീയത്തില്‍ ഒരു ചെറുകക്ഷി കൂടി ഗതിപിടിക്കുന്നു! എം പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെപ്പോലെ മറുകണ്ടം ചാടുകയല്ല, മറ്റൊരു ദേശീയ പാര്‍ട്ടിയില്‍ ലയിക്കുകയാണ്. അതോടെ ചെറുകക്ഷി സ്മരണയാവും. ഐക്യജനാധിപത്യ മുന്നണിയില്‍ ഉറച്ചുനില്‍ക്കുന്ന എം വി രാഘവന്റെ സിഎംപി എന്ന വിപ്ലവ പാര്‍ട്ടിയാണു രക്ഷപ്പെടുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ശോഭയോടെ ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്ന സിപിഐയിലാണ് ഈ പാര്‍ട്ടി ലയിക്കുന്നത്. ചെറുകക്ഷിയായ സിഎംപിയുടെ നേതാവ് സി പി ജോണും സിപിഐ നേതാവ് കാനം രാജേന്ദ്രനുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. കീര്‍ത്തി വേണ്ടുവോളം ഉണ്ടെങ്കിലും അണികള്‍ കുറവായതിനാല്‍ സിപിഐയെ സംബന്ധിച്ച് ഇതൊരു വന്‍ നേട്ടമാണ്. അതുകൊണ്ട് പാര്‍ട്ടി ലയനം വളരെ ഗൗരവമായി എടുക്കുകയും ചെയ്തിട്ടുണ്ട്. ലയിക്കുന്നവര്‍ക്കു നല്‍കാനുള്ള പദവികളും അധികാരസ്ഥാനങ്ങളും വരെ ചര്‍ച്ചചെയ്തു കഴിഞ്ഞു. ഇനി ലയനം മാത്രം. അത് മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനു മുമ്പു വേണോ. അതുകഴിഞ്ഞു മതിയോ എന്ന കാര്യത്തില്‍ തീര്‍പ്പുണ്ടായിട്ടില്ല. അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ പരസ്യപ്രഖ്യാപനം ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം. ഐക്യജനാധിപത്യ മുന്നണിയെ സംബന്ധിച്ച് ഒരു ഘടകകക്ഷി പോവുന്നതു മാത്രമല്ല പ്രശ്‌നം, ഇടതുപക്ഷ സ്വഭാവമുള്ള ഒരു കക്ഷി വേര്‍പിരിയുന്നതാണ്. ജനാധിപത്യകക്ഷികള്‍ക്ക് അതില്‍ ക്ഷാമമില്ലല്ലോ? എം വി രാഘവന്റെ സിഎംപി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണു നെടുകെ പിളര്‍ന്നത്. വെറുതെ പിളര്‍ന്നതല്ല. ബോധപൂര്‍വം പിളര്‍ത്തിയതാണെന്നാണ് ആക്ഷേപം. എം വി രാഘവന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബവും രണ്ടു ചേരിയായി തിരിഞ്ഞിരുന്നു. പാര്‍ട്ടിയിലെ രണ്ടു വിഭാഗത്തോടൊപ്പം അവര്‍ അണിനിരന്നു. കെ ആര്‍ അരവിന്ദാക്ഷന്‍ ജനറല്‍ സെക്രട്ടറിയായ വിഭാഗം സിപിഎമ്മുമായി സഖ്യത്തിലായി. ലയിച്ചിട്ടില്ല. വേറിട്ടു നില്‍ക്കുകയാണ്. അതിനിടയില്‍ കെ ആര്‍ അരവിന്ദാക്ഷന്റെ വേര്‍പാട് പാര്‍ട്ടിയെ അനിശ്ചിതത്വത്തിലാക്കി. ഈ പാര്‍ട്ടിയിലെ പ്രവര്‍ത്തകരെല്ലാം സമീപഭാവിയില്‍ തന്നെ സിപിഎമ്മില്‍ ചേരുമെന്നു തന്നെയാണു കരുതേണ്ടത്. പിളര്‍ന്ന രണ്ടു വിഭാഗങ്ങളും ഗതികിട്ടാപ്രേതങ്ങളെ പോലെ അലയുകയായിരുന്നു. ഇപ്പോള്‍ അതിനൊരു പരിഹാരമായി. ലയനം യാഥാര്‍ഥ്യമാവുന്നതോടെ സിഎംപി എന്ന ഒരു പാര്‍ട്ടി തന്നെ ഈ ഭൂമുഖത്തു നിന്നു തുടച്ചുനീക്കപ്പെടും. വാസ്തവത്തില്‍ എംവിആറിന്റെ മരണശേഷമാണ് പാര്‍ട്ടി അന്തസ്സോടെ ലക്ഷ്യസ്ഥാനത്തെത്തിയത്. എംവിആറിന്റെ ആശയും അഭിലാഷവും നടപ്പായതും ഇപ്പോഴാണ്. മരണക്കിടക്കയില്‍ പോലും എംവിആറിനു സ്വസ്ഥത ലഭിച്ചിരുന്നില്ല. കുടുംബത്തിന്റെയും പാര്‍ട്ടിക്കാരുടെയും ഗ്രൂപ്പ് തിരിഞ്ഞ ബഹളങ്ങള്‍ക്കിടയിലാണ് അദ്ദേഹം കണ്ണടച്ചത്. അന്ത്യനിമിഷത്തില്‍ സഖാവിന്റെ മനസ്സ് തങ്ങളോടൊപ്പമായിരുന്നുവെന്നു സിപിഎം നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. സ്വത്തിന്റെ പേരിലുള്ള തര്‍ക്കവിതര്‍ക്കങ്ങളും അവസാനകാലത്ത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടാവാം. ഏതായാലും മരണാനന്തരമാണ് എംവിആറിന് അര്‍ഹിക്കുന്ന ബഹുമതി ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്ന്, വിശിഷ്യാ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും ലഭിച്ചത്.പ്രതിസന്ധിഘട്ടങ്ങളില്‍ തന്നോടൊപ്പം നിലകൊണ്ട അനുയായികളെ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും വീതിച്ചെടുത്തില്ലേ? എംവിആറിന്റെ ആത്മാവിനു നിത്യശാന്തി! മാത്രമല്ല, എംവിആറിന്റെ പേരില്‍ കോഴിക്കോട്ട് ഒരു കാന്‍സര്‍ ആശുപത്രിയും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നും ആ സ്മരണ നിലനില്‍ക്കും. ജീവിച്ചിരുന്ന കാലത്തൊക്കെ എം വി രാഘവന് കഷ്ടപ്പാടുകളും മര്‍ദനങ്ങളും കേസും മറ്റു പ്രയാസങ്ങളുമായിരുന്നു. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഠിന ത്യാഗംചെയ്ത സമുന്നത നേതാവാണ് അദ്ദേഹം. ദീര്‍ഘകാലം എംഎല്‍എയായി. പാര്‍ട്ടിയില്‍ കണ്ണൂര്‍ ലോബി പിടിമുറുക്കിയ കാലം അതായിരുന്നു. ബദല്‍ രേഖയുടെ പേരില്‍ ഇ കെ നായനാരും വി വി ദക്ഷിണാമൂര്‍ത്തിയും അടങ്ങുന്ന സംഘങ്ങള്‍ അകത്തുനിന്നപ്പോള്‍ എം വി രാഘവന്‍ പുറത്തായി. കുറേ അനുയായികളും ഒപ്പം കൂടി. സിഎംപി എന്ന ഇടതുപക്ഷ പാര്‍ട്ടിക്ക് ജന്മം നല്‍കുന്നത് ആ കാലഘട്ടത്തിലാണ്. മാതൃസംഘടനക്കാരുടെ ഭീഷണിയെ അതിജീവിക്കാന്‍ പാര്‍ട്ടിക്ക് കോണ്‍ഗ്രസ് മുന്നണിയില്‍ നിലയുറപ്പിക്കേണ്ടിവന്നു. ലീഡര്‍ കെ കരുണാകരന്റെ അനുഗ്രഹാശിസ്സുകളും നന്നായി ലഭിച്ചു. അങ്ങനെ രണ്ടു ഘട്ടങ്ങളിലായി 10 വര്‍ഷക്കാലം എം വി രാഘവന്‍ കേരളത്തില്‍ സഹകരണ മന്ത്രിയായി. 1985ല്‍ തുടങ്ങിയ ബദല്‍ നീക്കത്തില്‍ അവസാന നിമിഷം വരെ അദ്ദേഹം ഉറച്ചുനിന്നു. തന്റെ അഹോരാത്ര പരിശ്രമഫലമായി കെട്ടിപ്പടുത്ത എകെജി സഹകരണ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ്, പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തല്‍ കേന്ദ്രം എന്നീ ജനകീയ സ്ഥാപനങ്ങളില്‍ നിന്ന് എംവിആര്‍ പുറത്താക്കപ്പെട്ടു. എംവിആറിനോടുള്ള പക എതിര്‍പക്ഷം കൂട്ടിലടച്ച പാമ്പുകളോടുപോലും തീര്‍ത്തു. അനവധി പാമ്പുകളെ ചുട്ടുകൊന്നു. സിപിഎമ്മിന്റെ അഹങ്കാരത്തോടും ധിക്കാരത്തോടും തന്റേടത്തോടെ പോരാടിയ ചരിത്രമാണ് എം വി രാഘവനുള്ളത്. അദ്ദേഹത്തിന്റെ വിപ്ലവസ്മരണ ഇനി ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കൊണ്ടുനടക്കുമെന്നു ന്യായമായും പ്രതീക്ഷിക്കാം.             ി
Next Story

RELATED STORIES

Share it