എം വി ഗോവിന്ദന്‍: യുവജന പ്രസ്ഥാനത്തിലൂടെ വളര്‍ന്ന നേതാവ്‌

ഹൈദരാബാദ്: സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പുതുമുഖമായി കേരളത്തില്‍ നിന്ന് എം വി ഗോവിന്ദനും. കേരളത്തിലെ ജനാധിപത്യ യുവജനപ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ എം വി ഗോവിന്ദന്‍ 1970ലാണ് സിപിഎം അംഗമാവുന്നത്. യുവജനപ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം കെഎസ്‌വൈഎഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി.
ഡിവൈഎഫ്‌ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ കേരളത്തില്‍നിന്നുള്ള അഞ്ചുപേരില്‍ ഒരാളായിരുന്നു. ഡിവൈഎഫ്‌ഐ പ്രഥമ സംസ്ഥാന പ്രസിഡന്റായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1986ല്‍ മോസ്‌കോ യുവജന സമ്മേളനത്തില്‍ പങ്കെടുത്തു. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരിക്കെ കാസര്‍കോട് ഏരിയ സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു. 1991ല്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗമായി. 2006ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലുമെത്തി. 1996ലും 2001ലും തളിപ്പറമ്പില്‍നിന്ന് നിയമസഭയിലും അംഗമായി. ഇരിങ്ങല്‍ യുപി സ്‌കൂളില്‍ കായികാധ്യാപകനായിരുന്ന ഗോവിന്ദന്‍ രാഷ്ട്രീയത്തില്‍ സജീവമായതോടെ ജോലിയില്‍നിന്ന് സ്വയം വിരമിച്ചു. 2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി.
എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ ദേശാഭിമാനി ചീഫ് എഡിറ്ററാണ്. മൊറാഴയിലെ പരേതനായ കെ കുഞ്ഞമ്പുവിന്റെയും എം വി മാധവിയുടെയും മകനാണ് 65കാരനായ ഗോവിന്ദന്‍. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണുമായ പി കെ ശ്യാമളയാണ് ഭാര്യ. മക്കള്‍: ശ്യാംജിത്ത്, രംഗീത്.
Next Story

RELATED STORIES

Share it