Flash News

എം വി ആര്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് മൂ ന്നു വര്‍ഷം : നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബദല്‍ രേഖ പ്രസക്തം



കെ സനൂപ്

തൃശൂര്‍: കരുത്തുറ്റ കമ്മ്യൂണിസ്റ്റുകാരനായി വിശേഷിപ്പിക്കപ്പെട്ട എം വി രാഘവന്‍ എന്ന എംവിആര്‍ വിട പറഞ്ഞിട്ട് ഇന്നേക്കു മൂന്ന് വര്‍ഷം. വിവാദ കൊടുങ്കാറ്റുയര്‍ത്തിയ ബദല്‍രേഖ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാവുന്നു. വര്‍ഗീയ, നവ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്നവരെ ഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ മതനിരപേക്ഷ കക്ഷികളുമായി ഐക്യപ്പെടണമെന്ന സന്ദേശവുമായാണ് 1985ല്‍ എം വി രാഘവന്‍ ബദല്‍രേഖ അവതരിപ്പിക്കുന്നത്. ഇ കെ നായനാര്‍ ഉള്‍പ്പടെയുള്ളവര്‍ എംവി ആറിന്റെ ബദല്‍രേഖയ്‌ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ബദല്‍രേഖയ്ക്കായി എം വി രാഘവന്‍ മാത്രമായി എന്നത് ചരിത്രം. ബദല്‍രേഖ സിപിഎം സംസ്ഥാന നേതൃത്വം തള്ളുകയും 1986ല്‍ എം വി രാഘവനെ സിപിഎം പുറത്താക്കുകയും ചെയ്തു.   നവ സാമ്പത്തികനയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസ്സിനെയും വര്‍ഗീയ നയങ്ങള്‍ പിന്തുടരുന്ന ബിജെപിയെയും അകറ്റി നിര്‍ത്തി മുസ്‌ലിം, ക്രിസ്ത്യന്‍ പിന്തുണയോടെ പുതിയൊരു മുന്നണിക്ക് രൂപം നല്‍കാനാണ് എം വി രാഘവന്‍ ശ്രമിച്ചത്. 1964ല്‍ സിപിഐ പിളര്‍ന്ന് സിപിഎമ്മിനൊപ്പം നിലകൊണ്ട എംവിആര്‍ 1967ല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. പിന്നീട് സിപിഎമ്മിന്റെ മലബാറിലെ മുഖമായി മാറിയ എംവിആര്‍ കണ്ണൂരില്‍ പാര്‍ട്ടിയുടെ അവസാന വാക്കായി. 1978ല്‍  സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. 1986ല്‍ ബദല്‍രേഖയുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം പിന്നീട് സിഎംപി—ക്ക് രൂപംനല്‍കി. ഇ പി ജയരാജനെ വാടകഗുണ്ടകളെക്കൊണ്ട് വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ എംവി രാഘവനാണെന്നായിരുന്നു അന്ന് സിപിഎം ആരോപിച്ചിരുന്നത്. എം വി രാഘവന്‍ സഹകരണ മന്ത്രിയായിരിക്കെ നടന്ന കൂത്തുപറമ്പ് വെടിവയ്‌പോടെ എം വി രാഘവന്‍ സിപിഎമ്മിന്റെ ഏറ്റവും വലിയ ശത്രുവായി. രാജ്യത്തെ ആദ്യ സഹകരണ മെഡിക്കല്‍ കോളജായ പരിയാരം മെഡിക്കല്‍ കോളജിന്റെ ശില്‍പി എംവിആര്‍ ആയിരുന്നു. നാല് തവണ സിപിഎമ്മിന്റെയും മൂന്ന് തവണ സിഎംപിയുടെയും എംഎല്‍എയായ രാഘവന്‍ രണ്ട് തവണ കേരളത്തില്‍ മന്ത്രിയായി. ഏറ്റവും അധികം മണ്ഡലങ്ങളില്‍നിന്ന് മല്‍സരിച്ച് ജയിച്ച റെക്കോഡ് എംവിആറിന്റെ പേരിലാണ്. പക്ഷേ, അവസാനം മല്‍സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലും തോറ്റു. അതോടെ പാര്‍ട്ടിയുടെ പ്രസക്തിപോലും ചോദ്യംചെയ്യപ്പെട്ടു. പിന്നീട് പാര്‍ട്ടിയും രണ്ടായി. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഓര്‍മകള്‍ പോലും മരവിക്കുന്ന അവസ്ഥയിലേക്ക് പോകുമ്പോഴും സിപിഎമ്മിലേക്ക് തിരിച്ചെത്താന്‍ എം വി രാഘവന്‍ ആഗ്രഹിച്ചിരുന്നു.
Next Story

RELATED STORIES

Share it