palakkad local

എം ബി രാജേഷ്, എന്‍ എന്‍ കൃഷ്ണദാസ്, പി ഉണ്ണി എന്നിവര്‍ക്കെതിരേ വിമര്‍ശനം

മണ്ണാര്‍ക്കാട്: ജനപ്രതിനിധികളും സംസ്ഥാന കമ്മിറ്റിയംഗങ്ങളുമായ എം ബി രാജേഷിനും പി ഉണ്ണിക്കുമെതിരെ സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം.  മറ്റൊരു സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എംപിയുമായ എന്‍ എന്‍ കൃഷ്ണദാസിനെതിരെയും രൂക്ഷമായി വിര്‍ശനങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപോര്‍ട്ടിലുണ്ട്. സംസ്ഥാന കമ്മിറ്റിയംഗമായ എംബി രാജേഷ് എംപി സംഘടനാ പ്രവര്‍ത്തനത്തിന് സമയം കണ്ടെത്തുന്നില്ലെന്നും അത്യാവശ്യ ഘട്ടത്തില്‍ ഫോണില്‍ പോലും കിട്ടുന്നില്ലെന്നാണ് പരാമര്‍ശമുള്ളത്. തിരിച്ചുവിളിക്കാറില്ലെന്നും കുറ്റപ്പെടുത്തുന്നു. അതേ സമയം, എംപിയെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും റിപോര്‍ട്ടിലുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും ഒറ്റപ്പാലം എംഎല്‍െയുമായ പി ഉണ്ണിക്കെതിരെയും നിശിത വിമര്‍ശനമുണ്ട്. ഗ്യാലറിയിലിരുന്ന് കളി കാണുന്ന മനോഭാവമാണ് കമ്മിറ്റികളിലെന്നും ജില്ലാ നേതൃത്വം ദുര്‍ബ്ബലമാണെന്ന് ഘടകത്തിന് പുറത്ത് പ്രചരിപ്പിക്കുന്നതില്‍ ഉണ്ണി മോശമല്ലാത്ത പങ്ക് വഹിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു. ജില്ലാ കേന്ദ്രവുമായി ഇഴകി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്. മുന്‍ ജില്ലാ സെക്രട്ടറി കൂടിയാണ് പി ഉണ്ണി. മറ്റൊരു സംസ്ഥാന കമ്മിറ്റിയംഗമായ എന്‍ എന്‍ കൃഷ്ണദാസിനെതിരെ രൂക്ഷ വിമര്‍നമാണ് റിപോര്‍ട്ടിലുള്ളത്. തന്റെ അഭിപ്രായം സ്ഥാപിച്ചെടുക്കാനായി പാര്‍ട്ടി സംഘടനയുടെ ചട്ടങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ചുള്ള ഇടപെടല്‍ കമ്മിറ്റികളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കാറുണ്ടെന്ന് റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അതേ സമയം, പാര്‍ടി ക്ലാസ്, കാംപയിന്‍ എന്നിവയില്‍ പങ്കാളിത്തം വഹിക്കുന്നുവെന്നും റിപോര്‍ട്ടിലുണ്ട്. ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന പൊതു ചര്‍ച്ചയിലും നേതാക്കളുടെ പാര്‍ലമെന്ററി മോഹങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. നേതാക്കള്‍ക്ക് അധികാര കേന്ദ്രങ്ങളില്‍ എത്താനുള്ള ഉപാധി മാത്രമായി പാര്‍ട്ടിയെ ചിലര്‍ തരം താഴ്ത്തിയെന്നും പ്രസ്ഥാനത്തെയും ആദര്‍ശങ്ങളെയും നെഞ്ചിലേറ്റിയ പ്രവര്‍ത്തകരോട് ഇത്തരത്തിലുള്ള നേതാക്കള്‍ അവജ്ഞയോടെയാണ് പ്രതികരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. നേതാക്കന്‍ തങ്ങള്‍ക്ക് ചുറ്റും സ്ഥുതി പാടകരെ സൃഷ്ടിക്കുകയാണെന്നും ഇത്തരം സ്ഥുതിപാടകര്‍ക്ക് പ്രസ്ഥാനത്തോടല്ല കൂറ്. എന്നാല്‍ ഇവരുടെ താല്‍ര്യങ്ങളാണ് നേതാക്കള്‍ സംരക്ഷിക്കുന്നത്. പ്രവര്‍ത്തന പാരമ്പര്യമുള്ള പലരെയും സ്ഥുതിപാടകര്‍ക്കായി തരംതാഴ്ത്തിയെന്ന വിമര്‍ശനവും ഉയര്‍ന്നു. ബ്രാഞ്ച് തലം മുതലുള്ള പാര്‍ട്ടിഘടകങ്ങളില്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയന്ന വിമര്‍ശനവും ഉയര്‍ന്നു. പൊതു ചര്‍ച്ച പൂര്‍ത്തിയായി. ഇന്നലെ പൊതു ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ആഗോള ദേശീയ കാര്യങ്ങളില്‍ പാര്ട്ടിയുടെ നിലപാട് അദ്ദേഹം വിശദകരിച്ചു. ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനും മറുപടി പറഞ്ഞു. സംഘടന രംഗത്തെ കോട്ടങ്ങളും നേട്ടങ്ങളും പരാമര്‍ശിച്ച ചര്‍ച്ചയ്ക്കു വിശദമായി മറുപടി നല്‍കിയതായാണ് അറിയുന്നത്. ഇന്ന് ചര്‍ച്ചയ്ക്കുള്ള മറുപടിക്ക് ശേഷം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പു നടക്കും. നിലവിലുള്ള ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ തന്നെ തുടരാനുള്ള സാധ്യതയാണു കാണുന്നത്. മത്സരം ഉണ്ടാവാനിടയില്ലന്നും അറിയുന്നു. ഉച്ചയ്ക്കു ശേഷം രണ്ട് മണിക്ക് കുന്തിപ്പുഴയില്‍ നിന്ന് 12000 റെഡ് വൊളന്റിയര്‍മാര്‍ പങ്കെടുക്കുന്ന മാര്‍ച്ച് ആരംഭിക്കും. വൈകിട്ട് നാലിന് ഫിഡല്‍ കാസ്‌ട്രോ നഗറില്‍ (മണ്ണാര്‍ക്കാട് മുബാസ് ഗ്രൗണ്ട്) അരലക്ഷം പേര്‍ പങ്കെടുക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it