എം ജെ അക്ബര്‍ മാനനഷ്ടകേസ് പിന്‍വലിക്കണം: എഡിറ്റേഴ്‌സ് ഗില്‍ഡ്‌

ന്യൂഡല്‍ഹി: മീ ടൂ കാംപയിന്റെ ഭാഗമായി എം ജെ അക്ബറിനെതിരേ തുറന്നുപറച്ചില്‍ നടത്തിയ മാധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരേ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസ് പിന്‍വലിക്കണമെന്ന് അക്ബറിനോട് എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു. നിലവിലെ കേസില്‍നിന്ന് അക്ബര്‍ പിന്മാറിയില്ലെങ്കില്‍ പ്രിയയ്ക്കു നിയമപിന്തുണയുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുമെന്നും ഗില്‍ഡ് വ്യക്തമാക്കി.
ലൈംഗിക ആരോപണവിധേയനായ അക്ബര്‍ വിദേശകാര്യസഹമന്ത്രി പദവി രാജിവച്ചിരുന്നു. രാജിയിലേക്കു നയിക്കുംവിധം പരാതിയില്‍ ഉറച്ചുനിന്ന വനിതകളെ എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രശംസിച്ചു. അക്ബറിനെതിരേ പരാതി ഉന്നയിച്ച മറ്റു വനിതകള്‍ക്കെതിരേയും മാനനഷ്ടക്കേസിനാണു ശ്രമമെങ്കില്‍ അവര്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കും. തൊഴിലി—ടത്തില്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന മീ ടൂ കാംപയിന്റെ ഭാഗമായ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സംഘടനയെന്നും എഡിറ്റേഴ്‌സ് ഗിള്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. സംഘടനയുടെ മുന്‍ പ്രസിഡന്റ് കൂടിയാണ് അക്ബര്‍.
അതേസമയം, മാനനഷ്ടക്കേസില്‍ അക്ബറിന്റെ മൊഴിയെടുക്കാന്‍ ഡല്‍ഹി പട്യാലാ ഹൗസ് കോടതി തീരുമാനിച്ചു. ഈ മാസം 31നു ഹാജരായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് കോടതി അക്ബറിന് നോട്ടീസയച്ചു. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബര്‍ നേരത്തേ ജോലിചെയ്ത വിവിധ സ്ഥാപനങ്ങളിലെ 12 മാധ്യമപ്രവര്‍ത്തകരാണ് അദ്ദേഹത്തില്‍ നിന്നുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞത്. എന്നാല്‍, ടെലഗ്രാഫില്‍ ജോലിചെയ്ത പ്രിയാ രമണിക്കെതിരേ മാത്രമാണ് കേസ് ഫയല്‍ ചെയ്തത്.

Next Story

RELATED STORIES

Share it