എം ജി ശ്രീകുമാറിനെതിരേ വിജിലന്‍സ് അന്വേഷണം

മൂവാറ്റുപുഴ: എറണാകുളം ബോള്‍ഗാട്ടി പാലസ് ബോട്ട് ജെട്ടിക്ക് സമീപം പിന്നണി ഗായകന്‍ എം ജി ശ്രീകുമാര്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് പുതിയ കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിച്ചെന്ന കേസില്‍ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി കലാംപാഷ ഉത്തരവിട്ടു. കളമശ്ശേരി സ്വദേശി ഗിരീഷ്ബാബു നല്‍കിയ ഹരജിയിലാണ് ഉത്തരവ്.എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിലെ മുളവുകാട് വില്ലേജില്‍ ബോള്‍ഗാട്ടി പാലസിന്റെ ബോട്ടുജെട്ടിക്ക് സമീപം എം ജി ശ്രീകുമാര്‍ 2010 ആഗസ്ത് 30നു വാങ്ങിയ 10.083 സെന്റ് ഭൂമിയില്‍ തീരദേശ പാരിപാലന ചട്ടം ലംഘിച്ചും കേരള പഞ്ചായത്തുരാജ് കെട്ടിടം നിര്‍മാണചട്ടം ലംഘിച്ചും ബഹുനില കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. എം ജി ശ്രീകുമാറിന് നിയമവിരുദ്ധമായി കെട്ടിടം നിര്‍മിക്കാന്‍ 2011ല്‍ അനുവാദം നല്‍കിയെന്നും ഇതിനെതിരേ നടപടി സ്വീകരിക്കാന്‍  മുളവുകാട് പഞ്ചായത്ത് സെക്രട്ടറിമാരായി നാളിതുവരെ ചുമതല വഹിച്ചിരുന്നവര്‍ തയ്യാറായിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.മുന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, എം ജി ശ്രീകുമാര്‍ എന്നിവരെ ഒന്നുമുതല്‍ പത്തുവരെ പ്രതികളാക്കിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. എറണാകുളം വിഎസിബി എസ്പി ത്വരിതാന്വേഷണം നടത്തി ഫെബ്രുവരി 19നു മുമ്പ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.
Next Story

RELATED STORIES

Share it