എം.എല്‍.എ. സ്ഥാനം രാജിവച്ച് ഇടതുമുന്നണിയില്‍ സജീവമാവാന്‍ പി സി ജോര്‍ജ്

കോട്ടയം: നിയമസഭാംഗത്വം രാജിവച്ച് ഇടതുമുന്നണിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാവാന്‍ പി സി ജോര്‍ജിന്റെ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ കോണ്‍ഗ്രസ് എം നിയമസഭാ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ തീരുമാനം പ്രതികൂലമാകുമെന്ന സൂചനകളെ തുടര്‍ന്നാണ് എം.എല്‍.എ. സ്ഥാനം ഒഴിയാന്‍ പി സി ജോര്‍ജ് തയ്യാറെടുക്കുന്നതെന്നാണ് സൂചന. ഇടതു പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് സെക്യുലറിന്റെ സ്ഥാനാര്‍ഥികളെ പരമാവധി വിജയിപ്പിച്ചെടുത്ത് ഇടതുമുന്നണിയില്‍ ഘടകകക്ഷിയാവുക എന്ന ലക്ഷ്യവും ജോര്‍ജിനുണ്ട്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട അടക്കമുള്ള ജില്ലകളില്‍ കേരളാ കോണ്‍ഗ്രസ് സെക്യുലറുമായി എല്‍.ഡി.എഫ്. സീറ്റ് ധാരണയുണ്ടാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി രംഗത്തിറങ്ങുന്നതിന് എം.എല്‍.എ. സ്ഥാനം വിലങ്ങുതടിയാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കെ എം മാണിയെയും കേരളാ കോണ്‍ഗ്രസ് എമ്മിനെയും കടന്നാക്രമിച്ചുള്ള പ്രചാരണം നടത്താന്‍ പാര്‍ട്ടി ടിക്കറ്റിലുള്ള എം. എല്‍. എ. സ്ഥാനവും ജോര്‍ജിന് തടസ്സമാവും. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരേ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ നടപടിയാണ് ഇപ്പോള്‍ പാര്‍ട്ടി പ്രധാന ആയുധമാക്കിയിരിക്കുന്നതും.

ഈ സാഹചര്യത്തിലാണ് എം.എല്‍.എ. സ്ഥാനം രാജിവയ്ക്കാന്‍ ജോര്‍ജ് തത്ത്വത്തില്‍ തീരുമാനമെടുത്തതെന്നാണ് സൂചന. ഇതിനിടെ കേരളാ കോണ്‍ഗ്രസ് സെക്യുലറിന്റെ സീറ്റ് ചര്‍ച്ചകള്‍ക്ക് പി സി ജോര്‍ജ് സി.പി.എം. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിലുമെത്തി.പരാതിയില്‍ വാദം ഉന്നയിക്കുന്നതിന് സമയം അനുവദിച്ച 12ന് അവധി നല്‍കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. മകന്‍ ഷോണ്‍ ജോര്‍ജിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കില്ല. മക്കള്‍ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it