എം എം മണിക്കും മാത്യു ടി തോമസിനും നോട്ടീസ് അയക്കാന്‍ വിസമ്മതിച്ചു

കൊച്ചി: കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിന്റെ കാരണങ്ങളറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ വൈദ്യുതി മന്ത്രി എം എം മണിക്കും ജലവിഭവ മന്ത്രി മാത്യു ടി തോമസിനും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇവര്‍ക്ക് നോട്ടീസ് അയക്കാന്‍ മതിയായ കാരണങ്ങളൊന്നും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രളയത്തെ നേരിടുന്നതില്‍ കേരളജനത മാതൃക കാണിച്ചെന്നും കോടതി നിരീക്ഷിച്ചു. അണക്കെട്ടുകളും റിസര്‍വോയറുകളും സംബന്ധിച്ച് എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണം, പ്രളയം സംബന്ധിച്ച മാപ്പ് തയ്യാറാക്കണം, പ്രളയത്തിന്റെ കാരണമറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം, കേരളത്തില്‍ ഫഌഡ് ഫോര്‍കാസ്റ്റ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ജല കമ്മീഷന് നിര്‍ദേശം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഐക്യരാഷ്ട്രസഭാ മുന്‍ പ്രതിനിധിയുമായ തൃപ്പുണിത്തുറ സ്വദേശി എം പി ജോസഫ് സമര്‍പ്പിച്ച ഹരജിയാണു കോടതി പരിഗണിച്ചത്. മന്ത്രിമാര്‍ക്ക് നോട്ടീസ് അയക്കാന്‍ വിസമ്മതിച്ച കോടതി കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, ഡാം സേഫ്റ്റി അതോറിറ്റി, ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, കെഎസ്ഇബി, കേന്ദ്ര ജലവിഭവ ജലസേചന മന്ത്രാലയം, ഇടുക്കി, വയനാട്, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. സമാനമായ ആവശ്യങ്ങളുന്നയിച്ച് നേരത്തെ സമര്‍പ്പിച്ച ഹരജികള്‍ക്കൊപ്പം ഈ ഹരജിയും ഈ മാസം 12നു വീണ്ടും പരിഗണിക്കും. പ്രളയ നിയന്ത്രണം സംബന്ധിച്ച സിഎജിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വന്ന വീഴ്ചയാണ് ഇപ്പോഴത്തെ പ്രളയത്തിന് കാരണമെന്നു ഹരജി പറയുന്നു. ശാസ്ത്രീയമായ അണക്കെട്ട് നിയന്ത്രണ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തില്ല. അണക്കെട്ടും റിസര്‍വോയറും സംബന്ധിച്ച എമര്‍ജന്‍സി ആക്ഷന്‍ പ്ലാനും ഓപ്പറേഷന്‍ മാന്വലും തയ്യാറാക്കിയില്ല. ഇതു കേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. എമര്‍ജന്‍സി ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതു സംബന്ധിച്ച് കേന്ദ്ര ജല കമ്മീഷന്‍ 2016ല്‍ മാര്‍ഗരേഖയിറക്കിയിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണ് പ്രളയത്തിന് കാരണമായതെന്നും ഹരജി കുറ്റപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it