Kottayam Local

എംസി റോഡ് വികസനം : പടിഞ്ഞാറന്‍ മേഖലകളില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ദിവസങ്ങള്‍



ചങ്ങനാശ്ശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചിട്ട് ദിവസങ്ങളായി. എന്നാല്‍ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് വ്യാപക ആക്ഷേപം. മാര്‍ക്കറ്റ് വണ്ടിപ്പേട്ട, വാലുമ്മേല്‍ച്ചിറ, പറാല്‍, വാഴപ്പള്ളി പുഞ്ചായത്തിന്റെ ചില പ്രദേശങ്ങള്‍ എന്നിിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിലച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്നു വന്‍ വിലകൊടുത്തും അകലങ്ങളില്‍പ്പോയും കുടിവെള്ളം ശേഖരിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. നഗരത്തില്‍ റോഡുപണികള്‍ ആരംഭിച്ചതിനുശേഷം വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ അതോരിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പുകള്‍ പൊട്ടിയിട്ടുണ്ട്. പോസ്റ്റോഫിസിന് സമീപം, കെഎസ്ആര്‍ടിസിക്കു സമീപം, പെരുന്ന ബസ് സ്റ്റാന്‍ഡിനടുത്ത് തുടങ്ങിയ ഭാഗങ്ങളിലെല്ലാം പൈപ്പുകള്‍ പൊട്ടിയിട്ടുണ്ട്. എന്നാല്‍ പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റിയിടാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ ഈ പൈപ്പുകളിലൂടെയുള്ള കുടിവെള്ള വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതാണ് പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളം ലഭിക്കാതിരിക്കാന്‍ കാരണം. രണ്ടു ദിവസം മുമ്പ് കുടിവെള്ള വിതരണം നടത്തി നോക്കിയെങ്കിലും പൈപ്പുകളുടെ പൊട്ടിയഭാഗം താല്‍ക്കാലികമായി അറ്റകുറ്റപ്പണികള്‍ തീര്‍ത്തിടത്തു നിന്ന് വീണ്ടും വെള്ളം പുറത്തേക്കൊഴുകുകയായിരുന്നു. ഇതേ തുടര്‍ന്ന് വീണ്ടും വെള്ളം വിതരണം നിര്‍ത്തിവച്ചു. സ്‌കൂളുകള്‍ തുറക്കാനും റമദാന്‍ വൃതാനുഷ്ടാനം ആരംഭിക്കാനും ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it