Kottayam Local

എംസി റോഡ് നവീകരണം വൈകുന്നു; ഗതാഗതക്കുരുക്ക് രൂക്ഷം

എന്‍ പി അബ്ദുല്‍ അസീസ്

ചങ്ങനാശ്ശേരി: ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള എംസി റോഡ് നവീകരണം പൂര്‍ത്തിയാകല്‍ വൈകാന്‍ സാധ്യത. ഇടക്കിടെയുണ്ടാവുന്ന മഴയും ചിലഭാഗങ്ങളില്‍ നിര്‍മാണത്തിനാവശ്യമായ മണ്ണ് കിട്ടാന്‍ വൈകുന്നതുമാണ് കാലതാമസം വരാന്‍ ഇടയാക്കുന്നത്. റോഡ് കടന്നു പോകുന്ന സ്ഥലങ്ങളിലെ കുടിവെള്ള പൈപ്പുകളും ടെലഫോണ്‍ കേബിളുകളും മാറ്റാന്‍ വൈകുന്നതും റോഡ് നിര്‍മാണം അനന്തമായി നീളാന്‍ ഇടവരുത്തുന്നു. കെഎസ്ടിപിയുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് 18 മാസത്തില്‍ 10 കിലോ മീറ്റര്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ പണി ആരംഭിച്ച് കാലാവധിയുടെ പകുതി ദിനങ്ങള്‍ ആയപ്പോഴേക്കും മഴ ആരംഭിച്ചതു കൂടുതല്‍ പ്രവര്‍ത്തി ദിനങ്ങള്‍ നഷ്ടമാക്കാന്‍ ഇടയാക്കിയതായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഏകദേശം മൂന്നു മാസമാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. മേയ് മാസത്തോടെ ആദ്യ 10 കിലോ മീറ്റര്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ നീക്കം നടത്തിയതെങ്കിലും പകുതിപോലും പണി പൂര്‍ത്തിയാക്കാനായില്ല.
എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ പകുതിയെങ്കിലും തീര്‍ക്കാനാണ് ഇപ്പോഴത്തെ നീക്കം. ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള 45 കിലോ മീറ്റര്‍ ഭാഗത്തെ പണികളാണ് ആദ്യപാദത്തില്‍ നടന്നുവരുന്നത്. ഇതില്‍ ചെങ്ങന്നൂര്‍, തിരുവല്ലാ, ചങ്ങനാശ്ശേരി, ചിങ്ങവനം ഭാഗങ്ങളിലെ കലുങ്കുകളുടേയും പെരുന്തുരുത്തി പാലത്തിന്റെയും പണികള്‍ പൂര്‍ത്തിയായി. അതിന്റെ അപ്രോച് റോഡില്‍ മണ്ണിട്ട് നികത്തുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ചങ്ങനാശ്ശേരി-കോട്ടയം ഒന്നാം റീച്ചും കോട്ടയം-ഏറ്റുമാനൂര്‍ രണ്ടാം റീച്ചും, ചെങ്ങന്നൂര്‍ വെള്ളാവൂര്‍ മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള 19 കിലോ മീറ്റര്‍ മൂന്നാം റീച്ചായും തിരിച്ചാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നത്. റോഡ് നിര്‍മാണത്തിന് ആവശ്യമായ മണ്ണ് എടുക്കുന്നതിനു ജിയോളജി വകുപ്പില്‍ നിന്ന് അനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടതും പണിയെ സാരമായി ബാധിച്ചതായി പറയുന്നു. ഇതു കാരണം തിരുവല്ലാ പന്നിക്കുഴി പാലത്തിന് ആവശ്യമായ മണ്ണ് കൂത്താട്ടുകുളത്തു നിന്നു കൊണ്ടുവരേണ്ടതായിവന്നു. കൂടാതെ മൂവാറ്റുപുഴ, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ ക്വാറികളില്‍ നിന്നാണ് പണികള്‍ക്ക് ആവശ്യമായ മെറ്റലുകളും സംഘടിപ്പിച്ചത്.
പ്രാഥമിക പണികള്‍ പൂര്‍ത്തിയാക്കി ടാറിങ് ആരംഭിക്കുമ്പോഴേക്കും ഇതിനാവശ്യമായ പിജി-30 ബിറ്റുമിന്‍ (ടാര്‍) മാംഗ്ലൂരിലെ റിഫൈനറില്‍ നിന്നാവും കൊണ്ടുവരിക. ടാറിങിനു ദുബായില്‍ നിന്ന് എത്തിക്കുന്ന ടാങ്കറാവും ഉപയോഗിക്കുക. പണികള്‍ നടക്കുന്ന ഭാഗങ്ങളിലൂടെ കടന്നുപോവുന്ന കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് പലയിടങ്ങളിലും പണികള്‍ പൂര്‍ത്തിയാവാന്‍ കാലതാമസത്തിന് ഇടയാക്കുന്നുണ്ട്. 1.2 മീറ്റര്‍ താഴ്ത്തിവേണം ഇത്തരം പൈപ്പുകള്‍ ഇടേണ്ടതെന്നാണു നിയമമെങ്കിലും പലയിടങ്ങളിലും 40 സെന്റീമീറ്റര്‍ വരെ താഴ്ചയില്‍ മാത്രമാണ് പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതു കാരണം റോഡ് പണിക്കാവശ്യമായ റോളറുകളും മറ്റു ഭാരവണ്ടികളും കയറുമ്പോള്‍ത്തനെ പൈപ്പുകള്‍ പൊട്ടാന്‍ ഇടയാവുന്നതായും ഇതു കുടിവെള്ള വിതരണത്തെ ബാധിക്കുന്നതു പേലെതന്നെ പണിയെയും ബാധിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
അതേസമയം പണികള്‍ നീണ്ടു പോവുന്നത് എംസി റോഡിലെ ഗതാഗതക്കുരുക്കും രൂക്ഷമാക്കുന്നുണ്ട്. ചങ്ങനാശ്ശേരി-തിരുവല്ലായിക്കുമിടക്ക് പന്നിക്കുഴി പാലത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. തിരുവല്ലായില്‍ നിന്നും കോട്ടയം ഭാഗത്തേക്കുവരുന്ന വാഹനങ്ങള്‍ പെരുന്തുരുത്തി വഴി തിരിച്ചുവിടുന്നു. തിരുവല്ലാ ഭാഗത്തേക്കു പോവേണ്ട വാഹനങ്ങള്‍മാത്രം പന്നിക്കുഴി പാലം വഴി തിരിച്ചുവിടുകയും കായംകുളം, മാവേലിക്കര ഭാഗങ്ങളിലേക്കു പോവേണ്ട വാഹനങ്ങള്‍ ഇടിഞ്ഞില്ലം അഴിയിടത്തുചിറവഴിയും തിരിച്ചുവിട്ടാല്‍ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാവുമെന്നാണ് നാട്ടുകാരും ഡ്രൈവര്‍മാരും പറയുന്നത്.
Next Story

RELATED STORIES

Share it