Pathanamthitta local

എംസി റോഡില്‍ കുരമ്പാല ഭാഗം കുരുതിക്കളമാവുന്നു

പന്തളം: എംസി റോഡില്‍ തുടര്‍ച്ചയായുണ്ടാവുന്ന അപകടങ്ങളില്‍ കുരമ്പാല കുരുതിക്കളമാകുന്നു. പന്തളം ചിത്രാ ജങ്ഷന്‍ മുതല്‍ കുരമ്പാല ഭാരത് പെട്രോളിയം പമ്പുവരെയുള്ള ഭാഗങ്ങളില്‍ ജനുവരി മുതല്‍ ഇന്നുവരെ വിവിധ അപകടങ്ങളിലായി പത്തോളം പേര്‍ മരണപ്പെടുകയും അതിലേറെ പേര്‍ക്കു അംഗവൈകല്യം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അപകടങ്ങളില്‍ മനുഷ്യ ജീവന്‍ പൊലിയുമ്പോഴും ഉപാധിയില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് അധികൃതര്‍. നവീകരണം പൂര്‍ത്തിയായതോടെ ഏറെ തിരക്കേറിയ പാതയായി എംസി റോഡ് മാറി കഴിഞ്ഞു. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ദിനതോറും സംഭവിക്കുന്നത്.
ഇന്നലെ കുരമ്പാല പുത്തന്‍കാവില്‍ ക്ഷേത്രത്തിനു സമീപത്തെ വഞ്ചിക്കു സമീപം ക്ഷേത്രപ്രസിഡന്റുകൂടിയായ സോമരാജകുറുപ്പ് മരിച്ചതാണ് ഒടുവിലത്തെ അപകടം. പത്തിലുണ്ടായ  അപകടത്തില്‍ ചരക്കു ലോറി കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്കു ഗുരുതര അംഗവൈകല്യം സംഭവിച്ചത്. ഈ സംഭവത്തിന്റെ രണ്ട് ആഴ്ച മുമ്പ് അതേ സ്ഥലത്ത് തമിഴ്‌നാട് സ്വദേശിയായ ആക്രി വില്‍പനക്കാരന്‍ മരണമടഞ്ഞതും, വഴിയരികില്‍ അമ്പലത്തിനാല്‍ ചൂരയില്‍ ഫോണില്‍ സംസാരിച്ചു റോഡരികില്‍ നിന്നയാള്‍ സ്വകാര്യ ബസ്സിടിച്ച് മരിച്ചതും. പറന്തല്‍ മുതല്‍ കുരമ്പാലവരെ എംസി റോഡില്‍ നിരവധി ജീവന്‍ പൊലിയുകയും ഏറെ പേര്‍ക്കു സ്ഥിരമായി അംഗവൈകല്യം സംഭവിച്ചിട്ടും പോലിസിനോ ,വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റിനോ അപകടം കുറയ്ക്കാന്‍ ഒരു മാര്‍ഗവും കണ്ടെത്താന്‍ കഴിഞ്ഞില്ല. വാഹന ബാഹൂല്യം, അമിത വേഗത, ഓവര്‍ ടേക്കിങ് എന്നിവയാണ് അപകട കാരണമെന്ന് പോലിസ് ,വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ കണ്ടെത്തിയെങ്കിലും പരിഹാരശ്രമങ്ങള്‍ വഴിപാടായി.
പറന്തലിനും മാന്തുകയ്ക്കും ഇടയില്‍ മാത്രമാണ് അടൂര്‍-ചെങ്ങന്നൂര്‍ എംസി റോഡില്‍ നിരീക്ഷണ കാമറയുള്ളത്. സ്ഥിരം യാത്രക്കാരായവര്‍ ഈ ഭാഗങ്ങളിലെത്തുമ്പോള്‍ വേഗം കുറയ്ക്കുകയാണ് പതിവ്. ഇതുമൂലം അമിതവേഗത കാമറാ നിരീക്ഷണത്തില്‍ പതിയാറുമില്ല. ഏറെ മനുഷ്യജീവനുകള്‍ അപകടത്താല്‍നഷ്ടപ്പെട്ടിട്ടുള്ളതും ഈ ഭാഗങ്ങളിലാണ്. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് മതില്‍ തകര്‍ക്കുന്ന എംസി റോഡിലെ രണ്ടു ഭാഗങ്ങളാണ് അമ്പലത്തിനാല്‍ ചുര ജങ്ഷനും ചിത്രാ ജങഷനും. ഈ രണ്ടു ഭാഗങ്ങളിലെയും റോഡിന്റെ ഇടതു വശത്തെ മതിലുകള്‍ രാത്രികാലങ്ങളില്‍ നിയന്ത്രണം തെറ്റിച്ചു തകര്‍ത്തു കൊണ്ടിരിക്കുന്നു. എന്നിട്ടും ദിശാ ബോര്‍ഡുകളോ സിഗ്‌നല്‍ ലൈറ്റോ സ്ഥാപിച്ചിട്ടില്ല. ഈ ഭാഗങ്ങളിലെ റോഡ് ഏറെ ദൂരം നേരെയാണെന്നത്, വാഹനങ്ങളുടെ വേഗം വര്‍ധിപ്പിക്കുന്നു. ഇതാണ് അപകടങ്ങള്‍ക്കു കാരണമാകുന്നത്. ഈ സ്ഥലങ്ങളില്‍ ,ഇനിയെങ്കിലും റോഡില്‍ താല്‍ക്കാലിക സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചാല്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് ഉയര്‍ന്നു വരുന്ന അഭിപ്രായം.
Next Story

RELATED STORIES

Share it