എംവിആര്‍: 10 മണ്ഡലങ്ങളില്‍ പോരാട്ടം അടയാളപ്പെടുത്തിയ നേതാവ്

ഹനീഫ എടക്കാട്

കണ്ണൂര്‍: പാലായില്‍ കെ എം മാണി, പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി, ഇരിക്കൂറില്‍ കെ സി ജോസഫ്, മലമ്പുഴയില്‍ വിഎസ് എന്നിങ്ങനെ മണ്ഡലം കുത്തകയാക്കി നിയമസഭയിലെത്തിയവരുടെ ഇടയില്‍ വ്യത്യസ്ഥമായിരുന്നു എം വി രാഘവന്റെ മല്‍സര ചരിത്രം. പത്തുവട്ടം 10 മണ്ഡലങ്ങളിലായാണ് എംവിആര്‍ മല്‍സരത്തിനിറങ്ങിയത്.
1970 മുതല്‍ 2011വരെ നടന്ന 10 നിയമസഭാ തിരഞ്ഞെടുപ്പിലാണ് എംവിആര്‍ മല്‍സരിച്ചത്. ക്ഷുഭിത യൗവനത്തില്‍ സിപിഎമ്മിനു വേണ്ടി മാടായിയില്‍ നിന്ന് പോരാട്ടം ആരംഭിച്ച എംവിആര്‍ 2011ല്‍ പാലക്കാട് നെന്മാറയിലെത്തിയത് ഏറെ അവശനായിട്ടായിരുന്നു.
1970ല്‍ ജന്മനാട് ഉള്‍പ്പെടുന്ന മാടായി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ചപ്പോള്‍ കോണ്‍ഗ്രസ്സിനേക്കാള്‍ എംവിആറിനെ എതിര്‍ക്കുന്നതില്‍ ഉശിരുകാട്ടിയത് മുസ്‌ലിം ലീഗ്. മാടായി മാടാ എന്നുവിളിച്ചായിരുന്നു രാഷ്ട്രീയ എതിരാളികള്‍ രാഘവനെ അന്നു നേരിട്ടത്.
എന്നാല്‍, 1987ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അതേ രാഘവനെ മാടായി രൂപാന്തരപ്പെട്ടുണ്ടായ അഴീക്കോട്ട് നിന്നു വിജയിപ്പിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കിയതും മുസ്‌ലിം ലീഗുതന്നെ. ബദല്‍രേഖയുടെ പേരില്‍ സിപിഎമ്മില്‍ നിന്ന് പുറത്തായ എംവിആര്‍ സിഎംപിയുടെ സ്ഥാനാര്‍ഥിയായിട്ടായിരുന്നു അഴീക്കോട്ടെത്തിയത്. എതിരാളി സിപിഎമ്മിലെ ഇ പി ജയരാജന്‍. ലീഗിന് അവകാശപ്പെട്ട സീറ്റ് ഒരുമുറുമുറുപ്പുമില്ലാതെ എംവിആറിന് വിട്ടുകൊടുക്കുകയും 1389 വോട്ടിന് വിജയിപ്പിക്കുകയുമായിരുന്നു.
10 മണ്ഡലങ്ങളില്‍ നിന്ന് മല്‍സരിച്ച രാഘവന്‍ ഏഴു മണ്ഡലങ്ങളുടെ എംഎല്‍എയായി. രണ്ടുവട്ടം മന്ത്രിയുമായി.
1996ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എംവിആറിന് ആദ്യമായി ചുവടുപിഴച്ചു. കവി കടമ്മനിട്ട രാമകൃഷ്‌നോട് ആറന്മുളയില്‍ തോറ്റു. ആ വര്‍ഷത്തെ ഏറ്റവും വാശിയേറിയ പോരാട്ടമായിരുന്നു ആറന്മുളയിലേത്. 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് വിജയിച്ച് വീണ്ടും മന്ത്രിയായി.
2006ല്‍ പുനലൂരിലും 2011ല്‍ നെന്മാറയിലും എംവിആറിന് വിജയിക്കാനായില്ല. അതുവരെ എംവിആറിന് താങ്ങായി നിന്ന കെ കരുണാകരന് കോണ്‍ഗ്രസ്സിലെ പിടി അയഞ്ഞതോടെ വിജയമുറപ്പുള്ള സീറ്റ് നേടിയെടുക്കാന്‍ എംവിആറിനോ സിഎംപിക്കോ കഴിഞ്ഞില്ല.
Next Story

RELATED STORIES

Share it